വിറ്റാമിൻ സി ധാരാളം അടങ്ങിയ കാബേജ് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. 100 ഗ്രാം കാബേജിൽ 36.6 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. അതിനാൽ കാബേജ് നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. ഹൃദയത്തിൻറെ ആരോഗ്യത്തിനും കാബേജ് കഴിക്കുന്നത് നല്ലതാണ്. ഇവ കൊളസ്‌ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. വിറ്റാമിൻ എ, ബി2, സി എന്നിവയോടൊപ്പം കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജിൽ അടങ്ങിയിട്ടുണ്ട്.
സോഷ്യൽമീഡിയയിൽ ട്രെൻഡിംഗായ ഒന്നാണ് കാബേജില മാറിൽവയ്ക്കുന്നത്. വിദേശരാജ്യങ്ങളിലെ സ്ത്രീകൾ പിന്തുടരുന്ന രീതിയാണിത്. ഇതിന് കൃത്യമായ കാരണങ്ങളും ഉണ്ട്. മാറിടത്തിൽ കാബേജില വയ്ക്കുന്നത് വേദന കുറയ്ക്കുന്നു. പ്രത്യേകിച്ചും മുലയൂട്ടുന്ന സ്ത്രീകൾക്ക് മാറിടത്തിൽ വേദനയും മുറിവും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് മാറ്റാനുള്ള നല്ലൊരു വഴിയാണ് മാറിടത്തിൽ കാബേജില വയ്ക്കുക എന്നത്. ചില സ്ത്രീകൾക്ക് ആർത്തവത്തോട് അനുബന്ധിച്ച് സ്തനങ്ങളിൽ വേദന ഉണ്ടാകാറുണ്ട് ഇതിനുള്ള പരിഹാരം കൂടിയാണിത്.
കാബേജ് ഫ്രിഡ്ജിൽ ഒരു മണിക്കൂർ വച്ചു തണുപ്പിയ്ക്കുക. പിന്നീട് പുറത്തെ രണ്ടില ഒഴിവാക്കി ഉള്ളില രണ്ട് ഇതളുകൾ എടുക്കുക. ഇത് നല്ലപോലെ തണുത്ത വെള്ളത്തിൽ കഴുകാം. ഉള്ളിലുള്ള രണ്ട് ഇതളുകൾ എടുക്കുക. മാറിടം മൂടുന്ന വലിപ്പത്തിലുള്ളതു വേണം, എടുക്കുവാൻ. നടുവിലെ തണ്ടു മുറിച്ച് നിപ്പിളുകൾ മൂടാത്ത വിധത്തിൽ ഇവ വയ്ക്കാം. നിപ്പിളിനു മുകളിൽ ഇതു വച്ചാൽ നിപ്പിളിനു ചുറ്റുമുള്ള ചർമം വരണ്ടതായിപ്പോകാൻ സാധ്യതയേറെയാണ്. ഇതുകൊണ്ടാണ് നിപ്പിൾ ഒഴിവാക്കാൻ പറയുന്നത്. ഇതിനു മീതേ സാധാരണ പോലെ വസ്ത്രം ധരിയ്ക്കാം. പിന്നീട് അര മണിക്കൂർ കഴിഞ്ഞ് ഈ ഇല എടുത്തു മാറ്റാം. മാറിട വേദനയിൽ നിന്നും ആശ്വാസം ലഭിയ്ക്കുമെന്നാണ് അനുഭവസ്ഥർ പറയുന്നത്.