കുറെയധികം കെട്ടിടങ്ങൾക്ക് നടുവിൽ അതിനേക്കാൾ ഉയരത്തിൽ നിൽക്കുന്ന ഒരു പൂവൻകോഴി! വലുപ്പംകൊണ്ട് ഈ ‘കോഴി’ ഗിന്നസ് ബുക്കിലും കയറിക്കഴിഞ്ഞു. ഇത് പൂവൻകോഴിയുടെ ആകൃതിയിൽ നിർമിക്കപ്പെട്ട ഒരു വമ്പൻ കെട്ടിടമാണ്.ഫിലിപ്പീൻസിലെ നെഗ്രോസ് ഓക്സിഡന്റൽ പ്രവിശ്യയിലാണ് ഈ നിർമാണവിസ്മയമുള്ളത്. ‘പൂവൻകോഴിയുടെ ആകൃതിയിലുള്ള ലോകത്തിലെ ഏറ്റവും വലിയ കെട്ടിടം’ എന്ന റെക്കോർഡ് ഇത് സ്വന്തമാക്കി കഴിഞ്ഞു.114 അടിക്ക് മുകളിലാണ് കെട്ടിടത്തിന്റെ ഉയരം. 40 + അടി വീതിയും 92 അടി നീളവുമുണ്ട്. 15 മുറികളാണ് കെട്ടിടത്തിനുള്ളിലുള്ളത്. ആഡംബരഹോട്ടലിൽ ഉള്ളപോലെ എസിമുറികളും വലിയ കിടക്കകളും ടിവിയും ഷവറുമെല്ലാം സജ്ജീകരിച്ചിരിക്കുന്നു. കാംപ്യൂസ്റ്റോഹൻ ഹൈലാൻഡ് റിസോർട്ടിന്റെ ഭാഗമാണ് ഈ റൂസ്റ്റർ കെട്ടിടം.
റിസോർട്ടിന്റെ ഡയറക്ടറായ റിക്കാർഡോ ടാനിൻ്റെ ആഗ്രഹപ്രകാരമാണ് വേറിട്ട ആകൃതിയിൽ ഈ കെട്ടിടം എസ്റ്റേറ്റിനുള്ളിൽ ഒരുക്കിയത്. പൂവൻകോഴിയുടെ രൂപം തിരഞ്ഞെടുത്തതിന് പിന്നിൽ ഒരു കാരണവുമുണ്ട്. കോഴിപ്പോര് നെഗ്രോസ് ഓക്സിഡന്റലിൻ്റെ സംസ്കാരത്തിന്റെ ഭാഗമാണ്. അതിനാൽ അങ്കക്കോഴിയുടെ രൂപത്തിലുള്ള ഒരു കെട്ടിടം നാടിന് ഏറ്റവും അനുയോജ്യമാകുമെന്ന് അദ്ദേഹം കരുതി. അങ്ങനെ അങ്കവാലും നീളൻ കാലുകളുമൊക്കെയുള്ള കോഴിയുടെ ആകൃതിയിൽ കെട്ടിടം തയാറായി.
യഥാർഥ പൂവൻകോഴിയുടെ അതേ നിറത്തിലാണ് കെട്ടിടത്തിന്റെ ഓരോ ഭാഗവും. 2023 ജൂണിലാണ് നിർമാണം ആരംഭിച്ചത്. 14 മാസങ്ങൾ കൊണ്ട് നിർമാണം പൂർത്തിയായി. ഈ വർഷം സെപ്റ്റംബറിലാണ് ‘കോഴിക്കെട്ടിടം’ ഗിന്നസ് ബുക്കിൽ ഇടം നേടിയത്. ആസൂത്രണവും നിർമാണവുമൊക്കെ വളരെ എളുപ്പത്തിൽ പൂർത്തിയായെങ്കിലും ഒട്ടേറെ വെല്ലുവിളികളും നിർമാണ ഘട്ടത്തിൽ നിലനിന്നിരുന്നു. പ്രദേശത്ത് അടിക്കടി ഉണ്ടാവുന്ന കൊടുങ്കാറ്റിനെയും ചുഴലിക്കാറ്റിനെയും ചെറുത്തുനിൽക്കാൻ കെട്ടിടത്തിന്റെ ആകൃതിക്ക് സാധിക്കുമോ എന്നതായിരുന്നു ആശങ്ക. എന്നാൽ അതിനെയെല്ലാം മറികടന്നുകൊണ്ട് കെട്ടിടം പൂർത്തിയായി.
റൂസ്റ്റർ ബിൽഡിങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി. പൂവൻകോഴിയുടെ ആകൃതി കൃത്യമായി പകർത്തിയ നിർമാതാക്കളെ പ്രശംസിക്കുന്നവരാണ് ഏറെയും. എന്നാൽ കോഴിയുടെ ആകൃതിയായതിനാൽ ചെറിയ കാലുകളിൽ താങ്ങി നിൽക്കുന്ന കെട്ടിടത്തിന് എത്രത്തോളം ഉറപ്പുണ്ടാകുമെന്ന് ആശങ്കപ്പെടുന്നവരും കുറവല്ല.
STORY HIGHLLIGHTS: giant-rooster-hotel-in-philippines-guinness-world-record-viral