ഷാപ്പിലെ മീൻ കറിക്ക് ഒരു പ്രത്യേക സ്വാദാണ്. നല്ല എരിവും പുളിയുമെല്ലാം ചേർത്ത് വളരെ രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി.
ആവശ്യമായ ചേരുവകൾ
- നെയ്മീൻ
- വെളിച്ചെണ്ണ
- കടുക്
- ഉലുവ
- ഉണക്കമുളക്
- കറിവേപ്പില
- ഇഞ്ചി
- പച്ചമുളക്
- വെളുത്തുള്ളി
- മുളക്പൊടി
- മഞ്ഞൾപൊടി
- ഉലുവപൊടി
- ചൂടുവെള്ളം
- ഉപ്പ്
- കുടംപുളി
- തേങ്ങാപ്പാൽ
- തക്കാളി
തയ്യാറാക്കുന്ന വിധം
അര കിലോ നെയ്മീൻ വാങ്ങി വെട്ടി കഴുകി വൃത്തിയാക്കി വെയ്ക്കണം. ശേഷം ഉരുളിയിൽ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ചൂടായതിനു ശേഷം കടുകും ഉലുവയും ഉണക്കമുളകും കറിവേപ്പിലയും താളിക്കുക. അല്പ്പം നീളത്തിൽ അരിഞ്ഞ ഇഞ്ചിയും, പച്ചമുളകും, വെളുത്തുള്ളിയും ചെറു തീയിൽ വഴറ്റുക. അതിലേക്കു മുളക്പൊടിയും മഞ്ഞൾപൊടിയും, ഉലുവപൊടിയും ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റുക. ഇനി ചൂട് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.
ഇനി നമുക്ക് വെള്ളത്തിൽ കുതിർത്തു വച്ച കുടംപുളി കൂടി ചേർത്ത് നന്നായി തിളപ്പിക്കുക. തിളയ്ക്കുന്ന ചാറിൽ ഇത്തിരി തേങ്ങാപ്പാൽ ചേർക്കാം, പുളി കുറവാണെങ്കിൽ ഒരു തക്കാളി അരിഞ്ഞ് ചേർക്കാം. ഇനി മുറിച്ചു വെച്ച മീൻ ചേർത്ത് വേവിക്കുക. ഏകദേശം 20 മിനിറ്റ്. അപ്പോളേക്കും ചാറു കുറുകി വരും. ഉപ്പു നോക്കുക. ആവശ്യം ഉണ്ടെങ്കിൽ ചേർക്കുക. അടുപ്പിൽ നിന്നും മാറ്റി അൽപ്പം വെളിച്ചെണ്ണ മുകളിൽ തൂവി കുറച്ച് കറിവേപ്പിലയും ഇട്ട് അടച്ചു വെച്ച് ചൂടാറിയ ശേഷം ഉപയോഗിക്കാം.