തിരുവനന്തപുരം ജില്ലയുടെ ടൂറിസം ഭൂപടത്തിൽ അമ്പൂരി എന്ന അതിമനോഹരമായ മലയോര ഗ്രാമം അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ഒട്ടേറെ കാഴ്ച വിസ്മയങ്ങളാണ് അമ്പൂരി ഗ്രാമം സഞ്ചാരികൾക്ക് സമ്മാനിക്കുന്നത്. അത്തരത്തിൽ പരിചയപ്പെടേണ്ട ഒരു ഇടമാണ് അമ്പൂരിയിലെ കുമ്പിച്ചൽ കടവ്. ആറിന്‍റെ മനോഹരമായ ദൃശ്യഭംഗിയിൽ മലയോര ഗ്രാമങ്ങളും ആദിവാസി ഊരുകളും നെയ്യാർ ഡാം റിസർവോയറും മറ്റ് മനോഹരമായ വിദൂര ദൃശ്യങ്ങളും എല്ലാം കോർത്തിണക്കിയിരിക്കുന്നു. കടവിനു കുറുകെയുള്ള പാലം ആദിവാസി ഊരുകളെ അമ്പൂരിയുമായി ബന്ധിപ്പിക്കുന്നു. കാരിക്കുഴി കടത്ത് കടവ് എന്നും ഈ കടവ് അറിയപ്പെടുന്നു. കുമ്പിച്ചല്‍ കടവില്‍ ഒരു ദ്വീപുണ്ട്. ദ്വീപില്‍ മനുഷ്യവാസം ഇല്ല എന്നാണ് പറയപ്പെടുന്നത്. തോണി കേറി അക്കരെ എത്തിയാല്‍ അല്‍ഫോന്‍സാമ്മയുടെ കുരിശടി കാണാം. ഒരു കിലോമീറ്ററിനപ്പുറം അല്‍ഫോന്‍സാമ്മയുടെ പേരില്‍ നിര്‍മ്മിച്ച കേരളത്തിലെ ആദ്യ പള്ളിയും ഉണ്ട്.
മുൻപ് ഈ കടവിലൂടെയുള്ള തോണിയാത്ര ആസ്വദിക്കാൻ നിരവധി പേരാണ് എത്തിയിരുന്നത്. എന്നാൽ ഇന്ന് കടവിന്‍റെ കാഴ്ചകൾ ആസ്വദിക്കുക എന്നതിനപ്പുറം അമ്പൂരിയിലെ ഭക്ഷണത്തിന്‍റെ രുചി ആസ്വദിക്കുക എന്നതും കൂടി എത്തുന്നവരുടെ ലക്ഷ്യമാണ്. കുമ്പിച്ചൽ കടവ് സോഷ്യൽ മീഡിയ റീലുകളിൽ ട്രെൻഡിങ് ആയതിനുശേഷം ഇത് അന്വേഷിച്ച് എത്തുന്നവരും കുറവല്ല. അമ്പൂരിയിലെ ദ്രവ്യ പാറയുടെ അത്രയും പോപ്പുലർ അല്ല കുമ്പിച്ചൽ കടവെങ്കിലും പ്രാദേശികമായി അറിയപ്പെടുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം ആയി ഈ കടവ് നിലനിൽക്കുന്നു.