ഇരയുടെ ശരീരത്തില്‍ നിന്നും രേതസ് കണ്ടെത്തിയില്ല എന്നതുകൊണ്ട് ബലാത്സംഗക്കേസില്‍ നിരപരാധിയാകില്ലെന്ന് പോക്‌സോ കോടതി. 17 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവിനു ശിക്ഷിച്ചു കൊണ്ടാണ് പോക്‌സോ കോടതിയുടെ നിരീക്ഷണം. തെലങ്കാനയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 17 വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടന്നതിന് തെളിവുകളൊന്നും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താനായിരുന്നില്ല.
ലൈംഗികബന്ധം നടന്നതിന് തെളിവില്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നത്. ഇതിനര്‍ത്ഥം അതിക്രമം നടന്നിട്ടില്ലെന്നും, നിരപരാധിയാണെന്നും അല്ലെന്ന് കോടതി നിരീക്ഷിച്ചു. 2018ല്‍ എല്‍ബി നഗര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത മിസ്സിങ് കേസിലാണ് കോടതി വിധി. നാല് ദിവസത്തിന് ശേഷം സെക്കന്ദരാബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി. കനകലാ രാജേഷ് എന്നയാള്‍ തന്നെ തെറ്റിദ്ധരിപ്പിച്ച് വിശാഖപട്ടണത്ത് കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്.
ബീജത്തിന്റെ സാന്നിധ്യം പോലുള്ള ഫോറന്‍സിക് തെളിവുകള്‍ ഇത്തരം കേസുകളില്‍ തെളിവുകളില്‍ ഒന്നുമാത്രമാണെന്ന് കോടതി വിലയിരുത്തി. സ്ഖലനം ഉണ്ടായാല്‍ മാത്രമേ ബീജം കണ്ടെത്തല്‍ പ്രസക്തമാകൂ. എല്ലാ ലൈംഗികാതിക്രമങ്ങളിലും സ്ഖലനം ഉണ്ടാകണമെന്നില്ല. സ്ഖലനം സംഭവിച്ചാലും ബീജത്തിന്റെ സാന്നിധ്യം പരിമിതമായോ ഇല്ലാതെയോ ഇരുന്നേക്കാം. മറ്റു തരത്തിലും അതിക്രമം നേരിടാം. അതുകൊണ്ടു തന്നെ ബീജത്തിന്റെ അഭാവം നിരപരാധിത്വത്തിന് തുല്യമല്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.