സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും പോളിംഗ് തുടരുന്നു. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപും ബിജെപി സ്ഥാനാർത്ഥി കെ ബാലകൃഷ്ണനും വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് തന്നെ രണ്ട് മണ്ഡലങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. സമയം ഒന്നരയോട് അടുത്തപ്പോൾ ചേലക്കരയിൽ 44.35 ശതമാനവും വയനാട് 40.64 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
കേരളത്തിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 32 നിയമസഭാ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്. പശ്ചിമബംഗാളിൽ ആറ്, ബിഹാറിൽ നാല്, രാജസ്ഥാൻ ഏഴ്, അസമിൽ അഞ്ച്, കർണാടകയിൽ മൂന്ന്, സിക്കിമിലും മധ്യപ്രദേശിലും രണ്ട് വീതം മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
ഛത്തീസ്ഗഡ് , ഗുജറാത്ത്, മേഘാലയ സംസ്ഥാനങ്ങളിൽ ഓരോ മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യതയുള്ള മണ്ഡലങ്ങളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പാലക്കാടിനൊപ്പം പഞ്ചാബിലെ നാലും ഉത്തർ പ്രദേശിൽ ഒൻപതും നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷൻ 20 ലേക്ക് മാറ്റിയിരുന്നു.