മുഖം കഴുകി വ്യത്തിയാക്കുക എന്നത് വളരെ അടിസ്ഥാനപരമായ സൗന്ദര്യ സംരക്ഷണ രീതികളിലൊന്നാണ്. ഏറ്റവും പ്രധാനമായി ചെയ്യേണ്ടതാണിത്. രാവിലെ എഴുന്നേറ്റ് പല്ല് തേച്ച് കഴിഞ്ഞാൽ ഉടൻ ആദ്യം ചെയ്യുന്നത് മുഖം കഴുകൽ ആവും. പിന്നെ ആ മുഖത്ത് വെള്ളം വീഴുന്നത് കുളിക്കുമ്പോൾ ആയിരിക്കണം. ചിലർ ആണെങ്കിൽ ദിവസത്തിൽ പത്തും പതിനഞ്ചും തവണ മുഖം കഴുകാറുണ്ട്. ഈ രണ്ട് കാര്യങ്ങളും ശരിയാണോ? അല്ലെങ്കിൽ ദിവസം എത്ര തവണ മുഖം കഴുകണം? കൃത്യമായി ഇക്കാര്യങ്ങൾ അറിയാം. മുഖം കഴുകുന്നതിന് കൃത്യമായ ഒരു രീതി പിന്തുടരേണ്ടത് അത്യാവശ്യമാണ്. മുഖത്തെ അഴുക്കും മറ്റും ഇല്ലാതാക്കാൻ ഇത് സഹായിക്കും. ദിവസവും രാവിലെയും വൈകിട്ടും മുഖം കഴുകണമെന്നാണ് വിദഗ്ധർ പറയുന്നത്. മഴക്കാലത്ത് അന്തരീക്ഷത്തിലെ അമിതമായി ഈർപവും നനവുമൊക്കെ ചർമത്തിൽ വേഗത്തിൽ അഴുക്കും മറ്റും അടിഞ്ഞ് കൂടാൻ ഇടയാക്കും. ഇത് മുഖക്കുരു പോലെയുള്ള പ്രശ്നങ്ങൾക്ക് കാരണമായേക്കാം. ചർമം വൃത്തിയാക്കി വയ്ക്കാൻ ദിവസവും രണ്ട് നേരം മുഖം കഴുകാം. കൂടാതെ ഒരു ക്ലെൻസർ ഉപയോഗിച്ച് ദിവസത്തിൽ രണ്ടുതവണ മുഖം കഴുകണം. നിങ്ങളുടെ ചർമത്തിന് യോജിച്ച ക്ലൻസർ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
മുഖം കഴുകാൻ ഫേസ്‌വാഷ് ഉപയോഗിക്കുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. വീര്യം കൂടുതൽ ഉള്ള ഫേസ്‌വാഷുകൾ ഉപയോഗിക്കരുത്. മൈൽഡ് ആയിട്ടുള്ളവ മാത്രം ഉപയോഗിക്കുക. കൂടാതെ എണ്ണ മയമുള്ള ചർമമാണെങ്കിൽ അതിനനുസരിച്ചും വരണ്ട ചർമം ഉള്ളവർ ആണെങ്കിൽ അതിന് അനുസരിച്ചും ഉള്ള ഫേസ്‌വാഷുകൾ ഉപയോഗിക്കുക. ഇതൊന്നും ഇല്ലെങ്കിൽ നല്ല വെള്ളത്തിൽ കഴുകിയാൽ മാത്രം മതി. രാത്രിയിൽ ചർമത്തിൽ അടിഞ്ഞ് കൂടുന്ന അഴുക്കുകൾ കളയാനാണ് രാവിലെ മുഖം കഴുകുന്നത്. അതുപോലെ എല്ലാ തിരക്കുകളും കഴിഞ്ഞ് രാത്രിയിൽ മുഖം കഴുകേണ്ടതും വളരെ പ്രധാനമാണ്. മേക്കപ്പ് ഒക്കെ ഇടുന്നവർ ആണെങ്കിൽ തീർച്ചയായും രാത്രിൽ മികച്ച ഫേസ്‌വാഷ് ഉപയോഗിച്ച് മുഖം കഴുകണം.