മലയാള ദിനാഘോഷവും ഭരണ ഭാഷ വാരാഘോഷത്തിന്റെയും ഭാഗമായി തൊഴില്‍ വകുപ്പ് ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. സംസ്ഥാന തലത്തില്‍ നടത്തിയ ഓണ്‍ലൈന്‍ കവിതാലാപനത്തിനു കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസിലെ സരിത വി ഒന്നാം സ്ഥാനത്തിന് അര്‍ഹയായി. രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലാ ലേബര്‍ ഓഫീസിലെ സിന്ധു കെ പി ക്കും മൂന്നാം സ്ഥാനം തിരുവനന്തപുരം അസിസ്റ്റന്റ് ലേബര്‍ ഓഫീസിലെ ഷിമി ജി നായര്‍ക്കുമാണ്.
സാഹിത്യകൃതികളെ അടിസ്ഥാനമാക്കിയുള്ള ഏകാംഗ വീഡിയോ മത്സരത്തില്‍ പത്തനംതിട്ട ജില്ലാ ലേബര്‍ ഓഫീസിലെ സുനിമോള്‍ കെ ആര്‍ ഒന്നാം സ്ഥാനം നേടി. വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ നടത്തിയ മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ വീഡിയോകള്‍ക്കാണ് സമ്മാനം നല്‍കിയിരിക്കുന്നത്. മലയാള ഭാഷ പ്രശ്‌നോത്തരി, കഥാരചന, കവിതാ രചന, മൂകാഭിനയം, ഒരു മിനിറ്റ് മലയാളം തുടങ്ങിയ മത്സരങ്ങളും വകുപ്പ് ആസ്ഥാനത്ത് സംഘടിപ്പിച്ചു.
തൊഴില്‍ ഭവനിലെ മുഴുവന്‍ ജീവനക്കാരെയും മൂന്നു ഗ്രൂപ്പുകളായി തിരിച്ചു സംഘടിപ്പിച്ചായിരുന്നു മത്സരങ്ങള്‍ നടത്തിയത്. എല്ലാ വര്‍ഷവും നല്‍കി വരുന്ന എവര്‍ റോളിങ് ട്രോഫി ഇത്തവണ നീലാംബരി ടീം ( 294 പോയിന്റ് ) സ്വന്തമാക്കി. രണ്ടാം സ്ഥാനം ടീം കല്യാണി( 275 പോയിന്റ് )യും മൂന്നാം സ്ഥാനം ടീം ഹംസധ്വനി( 232 പോയിന്റ് )യും കരസ്ഥമാക്കി. വിവിധ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ജിഷ്ണു മോന്‍ സാഹിത്യപ്രതിഭ പുരസ്‌കാരത്തിനു അര്‍ഹനായി. തൊഴില്‍ ഭവനില്‍ നടത്തിയ സമാപന സമ്മേളനത്തില്‍ ലേബര്‍ കമ്മിഷണര്‍ സഫ്‌ന നസറുദ്ദീന്‍, എഴുത്തുകാരായ ജെ ആര്‍ അനി, രജി ജ്യോതിബാബു , ജില്ലാ ലേബര്‍ ഓഫീസര്‍ ബിജു എ, റിസര്‍ച്ച് ഓഫീസര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.