ഫ്ലാക്സ് സീഡ് അഥവാ ചണവിത്ത്, പലപ്പോഴും ഈ കുഞ്ഞൻ വിത്ത് കണ്ടിട്ടുണ്ടെകിലും ഇതിന്റെ ഗുണങ്ങളെ പറ്റി അധികം ആർക്കും അത്ര ധാരണ കാണില്ല. സിങ്ക്, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡുകൾ, നാരുകൾ, പ്രോട്ടീൻ, ആന്റി ഓക്സിഡന്റുകൾ എന്നിവയുൾപ്പെടെ ശരീരത്തിന് ആവശ്യമായ നിരവധി വിറ്റാമിനുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ഫ്ലാക്‌സ് സീഡ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ വളരെയധികം സഹായിക്കുമെന്ന് ചില പഠനങ്ങൾ നേരത്തെ തെളിയിച്ചിട്ടുണ്ട്. അതിനാൽ ശരീരഭാരം കുറയ്ക്കാനും ചർമ്മ പ്രശ്‌നങ്ങൾ തടയാനും ഇതിന്‍റെ ഉപയോഗം ഫലപ്രദമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ലിഗ്നാനുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനാൽ പ്രമേഹം നിയന്ത്രിക്കും. ദിവസേന 4 ടേബിൾ സ്‌പൂൺ ഫ്ലാക്‌സ് സീഡ് കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോൾ 15 ശതമാനം കുറയ്ക്കാൻ സഹായിക്കും.
ദിവസവും 40 ഗ്രാം, അല്ലെങ്കില്‍ ചുരുങ്ങിയത് 10 ഗ്രാമെങ്കിലും ഫ്ലാക്സ് സീഡ് കഴിച്ചാല്‍ ശരീരത്തിന് ഗുണം ലഭിക്കും. ഫ്‌ളാക്‌സ് സീഡ് പൊടിയും നല്ലതാണ്. ഇത് ഉപ്പുമാവിലോ ദോശ മാവിലോ ചേർത്ത് കഴിയ്ക്കാം. ഫ്ളാക്സ് സീഡ് പൊടി ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കൾ അടങ്ങിയതിനാൽ അസ്ഥികൾക്കും ഫ്ലാക്സ് സീഡ് വളരെ നല്ലതാണ്.