ഒന്ന് വെള്ളം മാറിയാലോ ഉപയോഗിക്കുന്ന പ്രൊഡക്ട് മാറിയാലോ മുടികൊഴിച്ചില് രൂക്ഷമാകും. ഇതിനെന്താണ് പ്രതിവിധി? ആയിരങ്ങളും പതിനായിരങ്ങളും ചിലവഴിച്ചുള്ള പ്രതിവിധി നമുക്കുണ്ട്. എന്നാൽ അത്രയ്ക്ക് അങ്ങോട്ട് ചിലവാക്കാൻ ഇല്ലാത്തവർ പോഷക ഗുണങ്ങളിൽ ശ്രദ്ധിക്കുകയേ നിവൃത്തിയുള്ളൂ.
മുടിയുടെ കാര്യങ്ങളിൽ ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്ന ഒന്നാണ് ബദാം.ബദാമിൽ ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ, പ്രോട്ടീൻ, മഗ്‌നീഷ്യം വൈറ്റമിൻ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിൽ മോണോസാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകൾ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ഇത് തടി കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ തോതു വർദ്ധിപ്പിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്.മുടി വളരാൻ ഉത്തമമാണ് വിറ്റാമിൻ ഇ ധാരാളം അടങ്ങിയ ബദാം. ഇവ തലയോട്ടി ആരോഗ്യപ്രദമായി നിർത്താൻ സഹായിക്കുന്നു. ബദാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയോ അല്ലെങ്കിൽ ബദാം ഓയിൽ തലയിൽ പുരട്ടുകയോ ചെയ്യാം.
ഏതു ഭക്ഷണവും കൃത്യമായ രീതിയിൽ കഴിച്ചാൽ ഗുണം എന്നു പറയുന്നതു പോലെ ബദാമും കൃത്യമായ രീതിയിൽ കഴിച്ചാലേ ഗുണമുണ്ടാകൂ. പല വിധത്തിലും ബദാം ആരോഗ്യപരമായ ഗുണങ്ങൾക്കായി കഴിയ്ക്കാം.വെള്ളത്തിലിട്ടു കുതിർത്തി കഴിയ്ക്കുന്നതാണ് മുടിയ്ക്ക് കൂടുതൽ നല്ലത്.ബദാം രാത്രി മുഴുവൻ വെള്ളത്തിലിട്ടു കുതിർത്തി കഴിയ്ക്കാം. ഇതു കുതിരുവാൻ 7-8 മണിക്കൂറെങ്കിലും വേണ്ടി വരികയും ചെയ്യും.ബദാമിന്റെ തൊലിയിൽ എൻസൈമിനെ ചെറുക്കുന്ന ഘടകമുണ്ട് ഇത് ബദാംപരിപ്പിൽ നിന്നും പോഷകങ്ങൾ പുറത്ത് വരുന്നത് തടയും.കൂടാതെ ഇത് ദഹിക്കാനും ബുദ്ധിമുട്ടാണ്.ബദാം വെള്ളത്തിൽ കുതിർക്കുമ്പോൾ എൻസൈമിനെ ചെറുക്കുന്ന ഘടകം പുറത്തുപോവുകയും പോഷക ലഭ്യത ഉയർത്തുകയും ചെയ്യും.