പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. കാത്സ്യം, ഫോസ്ഫറസ് വിറ്റമിൻസ്, മിനറൽസ് എന്നിങ്ങനെ ശരീരത്തിന്റെ വളർച്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്. വെറും രണ്ട് ചേരുവകൾ മാത്രം ഉപയോഗിച്ച് രുചികരവും സോഫ്റ്റായതുമായ പനീർ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ആദ്യം രണ്ട് ലിറ്റർ പാൽ തിളപ്പിക്കുക. ഇതിലേക്ക് രണ്ടു ടേബിൾ സ്പൂൺ വിനാഗിരിയോ നാരങ്ങനീരോ ചേർക്കാം. ഇത് ചേർക്കുന്നതോടെ പാൽ പിരിഞ്ഞ് വരും. നന്നായി പിരിഞ്ഞ് പാൽകട്ടികളായി മാറുകയും വെള്ളം തെളിഞ്ഞ് നിൽക്കുകയും ചെയ്യുന്ന രീതിയിൽ ആകുമ്പോൾ ഇളക്കൽ നിർത്തുക. വൃത്തിയുള്ള ഒരു തുണിയിലേക്ക് ഈ പാൽകട്ടികൾ ഇട്ട് വെള്ളം വാർത്ത് കളയുക. അധിക വെള്ളമെല്ലാം കളയാൻ തുണിക്ക് മുകളിൽ ഭാരം കയറ്റി വക്കുക. 20 മിനിറ്റോളം ഇങ്ങനെ വച്ചശേഷം ഭാരം മാറ്റി തുണി നിവർത്തി നോക്കിയാൽ ഏകദേശം 200ഗ്രാമോളം പനീർ ഇതിൽ നിന്ന് ലഭിക്കും. സസ്യഭക്ഷണം കഴിക്കുന്നവർക്ക് ലഭ്യമായ പ്രോട്ടീൻറെ ഒന്നാന്തരം സ്രോതസ്സാണ് പനീർ. ചീസിനെ അപേക്ഷിച്ച് കൂടുതൽ ആരോഗ്യകരമായതിനാൽ ഇത് എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കാർബോ കുറഞ്ഞതും പ്രോട്ടീൻ കൂടിയതുമായ പനീർ ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് പറ്റിയ മികച്ച ആഹാരമാണ്.