ന്യൂഡല്‍ഹി: ഇന്ന് ശിശുദിനം. കുട്ടികളെ ജീവന് തുല്യം സ്‌നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്‍മദിനം. കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്‍മദിനമായ നവംബര്‍ 14നാണ് ഇന്ത്യയില്‍ ശിശുദിനമായി ആഘോഷിക്കുന്നത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന് കുഞ്ഞുങ്ങളോടുണ്ടായിരുന്ന സ്‌നേഹവായ്പുകളുമാണ് ഈ ദിവസം ശിശുദിനമായി ആചരിക്കാൻ കാരണം. നെഹ്രുവിന്റെ 135-ാം പിറന്നാൾ ദിനമാണ് ഇന്ന്. അലഹബാദില്‍ 1889 നവംബര്‍ 14 നാണ് ജവഹര്‍ലാല്‍ നെഹ്രു ജനിച്ചത്.
ശിശുദിനമാഘോഷിക്കാന്‍ രാജ്യം സജജമായിക്കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്രയും മറ്റു കലാപരിപടികളും അരങ്ങേറും. കുട്ടികളുടെ ക്ഷേമത്തിലും സ്വാതന്ത്ര്യത്തിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിനാചരണമാണ് ശിശുദിനം.
ചാച്ചാജിയെക്കുറിച്ച് പറയുമ്പോള്‍ കുട്ടികള്‍ക്ക് ഓര്‍മ്മയിലെത്തുന്നൊരു രൂപമുണ്ട്. തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള ഒരാള്‍. ചെറിയ കുട്ടിയായിരിക്കുമ്പോഴേ നെഹ്‌റുവിന് നല്ല വായനാശീലമുണ്ടായിരുന്നു, ബുദ്ധിമാനുമായിരുന്നു.
കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക്ക് ദോഷകരമായി ബാധിക്കുന്നതെന്തും രാജ്യത്തേയും ബാധിക്കുമെന്നായിരുന്നു നെഹ്രുവിന്റെ പക്ഷം. ജാതിമത വേർതിരിവുകളില്ലാത്ത, പരസ്പര സ്‌നേഹത്തിൽ കെട്ടിപ്പടുക്കേണ്ടതാണ് കുട്ടികൾക്കിടയിലെ സൗഹൃദമെന്ന് നെഹ്രു വിശ്വസിച്ചു. കുട്ടികളുടെ ക്ഷേമത്തിനായി സദാ പ്രതിബദ്ധനായിരുന്നു നെഹ്രു.
ശാസ്ത്രീയ അറിവിൽ നെഹ്രു വിശ്വസിക്കുകയും എല്ലാ പഠനങ്ങളും യുക്തിയെ അടിസ്ഥാനമാക്കി വേണമെന്ന് ശഠിക്കുകയും ചെയ്തു. ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം ഉറപ്പുനൽകാനുള്ള തീരുമാനമെടുത്തത് നെഹ്റുവിന്റെ കാലത്താണ്. ഐ ഐ ടികൾ, ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എന്നിവയെല്ലാം തന്നെ നെഹ്രുവിന്റെ കാലത്താണ് യാഥാർത്ഥ്യമായത്.
തകർന്ന കുടുംബബന്ധങ്ങളും സാമൂഹികവും സാമ്പത്തികമായുള്ള പിന്നാക്കാവസ്ഥയുമെല്ലാം പുതിയ ഇന്ത്യയിൽ കുട്ടികളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. ഒരു കോടിയിൽപരം ബാലതൊഴിലാളികൾ ഇന്ത്യയിലുണ്ടെന്നാണ് യൂണിസെഫിന്റെ കണക്കുകൾ. ലഹരി ഉപയോഗം കുട്ടികൾക്കിടയിൽ വർധിച്ചുവരുന്നു. ഇതിനെ നാം ശക്തമായി പ്രതിരോധിക്കേണ്ടിയിരിക്കുന്നു. അതാകട്ടെ, ഈ ശിശുദിനത്തിലെ നമ്മുടെ പ്രതിജ്ഞ. നെഹ്രുവിനോടുള്ള സ്‌നേഹാദരങ്ങൾ പ്രകടിപ്പിക്കാൻ അതിനേക്കാൾ നല്ല മാർഗം മറ്റൊന്നില്ല.