സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കാൻ പ്രതിപക്ഷമായ ബിജെപി 50 കോൺഗ്രസ് എംഎൽഎമാർക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. ടി നരസിപുര നിയോജക മണ്ഡലത്തിൽ 470 കോടി രൂപയുടെ പൊതുമരാമത്ത് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുക്കാനുള്ള പദ്ധതി വിജയിക്കാത്തതിനാലാണ് തനിക്കും സർക്കാരിനും എതിരെ ബിജെപി തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.
ബിജെപി എന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചു. ഓരോ എംഎൽഎമാർക്കും 50 കോടിയാണ് ബിജെപി വാഗ്ദാനം ചെയ്തത്. 50എംഎൽഎമാർക്ക് 50 കോടി. ഈ പണം എവിടെ നിന്ന് വരുന്നു? ബിഎസ് യെദ്യൂരപ്പയും ബസവരാജ ബെമ്മെയും നോട്ടുകൾ അച്ചടിക്കുകയാണോ? ഇത് അഴിമതി പണമാണ്, അവർക്ക് കോടികൾ ഉണ്ട്. 50 കോടി രൂപയ്ക്ക് എംഎൽഎമാരെ വാങ്ങാൻ അവർ ഇത് ഉപയോഗിക്കുന്നു. ഞങ്ങളുടെ എംഎൽഎമാർ അതിന് സമ്മതിച്ചില്ല അതിനാൽ അവർ എന്നെ കളങ്കപ്പെടുത്താൻ നീക്കം തുടങ്ങി.
വാഗ്ദാനം ചെയ്ത പണത്തിന്റെ ഉറവിടം ചോദ്യം ചെയ്ത സിദ്ധരാമയ്യ അതെല്ലാം കൈക്കൂലി പണമാണെന്നും ആരോപിച്ചു. ആരോപണങ്ങളും പ്രത്യാരോപാണങ്ങളുമായി കടുത്ത പോരാട്ടം തുടരുകയാണ് ബിജെപിയും കോൺഗ്രസും.
STORY HIGHLIGHT: siddaramaiah