ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തിന് പിന്നാലെ സിപിഎമ്മിനെ രൂക്ഷഭാഷയിൽ പരിഹസിക്കുകയാണ് ബിജെപി. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും പിണറായി വിജയൻ; പിണറായിയിൽ നിന്ന് തുടങ്ങിയത് പിണറായിയിൽ തന്നെ അവസാനിക്കും എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പരിഹാസം. ചേലക്കരയിലും പാലക്കാട്ടും ജയിക്കുമെന്ന ആത്മവിശ്വാസവും ബിജെപിക്കുണ്ട്. വയനാട് ചേലക്കര മണ്ഡലങ്ങളിലെ പോളിങ് ശതമാന കണക്കുകൾ എൽഡിഎഫിനോടും യുഡിഎഫിനോടുമുള്ള സാധാരണ ജനങ്ങളുടെ അതൃപ്തിയാണ് കാണിക്കുന്നത്. മുനമ്പം വിഷയത്തിൽ ക്രൈസ്തവർക്കുള്ള പ്രതിഷേധം പോളിങ് ശതമാനം കുറയാൻ കാരണമായെന്നും കെ.സുരേന്ദ്രൻ പറയുന്നു. സിപിഎമ്മിന് ഇപ്പോൾ ഒരു ചിഹ്നമില്ല തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ സിപിഎം ചിഹ്നഭിന്നം ആകുമെന്നും എല്ലാം 23 ന് അറിയാം എന്നും കെ.സുരേന്ദ്രൻ പറഞ്ഞു.