ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദം വന്നതോടെ അത് ആയുധമാക്കി മുന്നോട്ട് പോവുകയാണ് കോൺഗ്രസ് നേതൃത്വം. ഇ.പി.ജയരാജനെ വിരട്ടിയാണ് സിപിഎം പാലക്കാട്ടേക്ക് എത്തിച്ചതെന്നാണ് പ്രതിപക്ഷനേതാവിന്റെ വാദം. ആത്മകഥയിൽ എഴുതിയതിന് വിപരീതമായി സംസാരിപ്പിച്ച് ഇ.പി.യെ സിപിഎം നേതൃത്വം വീണ്ടും അപമാനിക്കുന്നുവെന്നും കോൺഗ്രസ് ആരോപിച്ചു. അതേസമയം സിപിഎം ഉന്നയിച്ച കള്ളവോട്ട് , ഇരട്ടവോട്ട് ആരോപണങ്ങളെ വി.ഡി.സതീശൻ തള്ളി. കള്ളവോട്ട് ചെയ്തെങ്കിൽ അത് ആദ്യം ചെയ്തത് എൽഡിഎഫ് സ്ഥാനാർത്ഥി പി.സരിൻ ആണെന്നാണ് കോൺഗ്രസ് വാദം. ആറുമാസം തുടർച്ചയായി ഒരു മണ്ഡലത്തിൽ താമസിച്ചാൽ മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ കഴിയൂ. എന്നാൽ സരിന്റെയും ഭാര്യയുടെയും പേര് അനധികൃതമായി ചേർത്തതാണെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു.