കണ്ണൂരിൽ കെ.സുധാകരനെ പ്രതിരോധിക്കുന്നതിൽ മലപോലെ ഉറച്ചുനിന്ന ജയരാജൻ ഇപ്പോൾ തൊട്ടതെല്ലാം വിവാദമാക്കുന്ന രാഷ്ട്രീയ നേതാവാണ്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായ ജയരാജൻ വായ തുറന്നാലോ എന്തെങ്കിലും ചെയ്താലോ അതെല്ലാം വിവാദത്തിൽ കലാശിക്കും. ഏറ്റവും ഒടുവിലത്തെ ഉദാഹരണം ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പുസ്തകം.കുട്ടിക്കാലം മുതൽ ഇന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പ് വരെയുള്ള കാര്യങ്ങൾ വള്ളിപുള്ളി വിടാതെ ജയരാജൻ പറയുമ്പോൾ കട്ടൻചായയും പരിപ്പുവടയും കഴിച്ചു ശീലിച്ചിരുന്ന കമ്യൂണിസ്റ്റുകാരെങ്കിലും അവിശ്വസിക്കുമെന്ന് ജയരാജൻ വിശ്വസിച്ചെങ്കിൽ അതു തെറ്റിയെന്നേ പറയൂ. കാരണം പറയുന്നത് ജയരാജനാണ്. പറഞ്ഞത് ആദ്യം അതെന്റേതല്ലെന്നു പറയുകയും പിന്നീട് അതിലേക്കു തന്നെ എത്തുകയും ചെയ്യുന്നതാണ് ജയരാജൻ ശൈലി. തെറ്റു ചെയ്യും, പാർട്ടി ശാസന ഏറ്റുവാങ്ങും വീണ്ടും തെറ്റിക്കും, പിന്നെയും തിരുത്തും. അങ്ങനെ ചെയ്തും തിരുത്തിയും വളർന്നുവന്നതാണ് ജയരാജൻ ശൈലിയെന്നു പറയാം.
കോടിയേരി ബാലകൃഷ്ണന് പിന്നാലെ താനായിരിക്കും സിപിഎം സംസ്ഥാന സെക്രട്ടറിയാവുക എന്നൊരു മോഹം ഇപിക്കുണ്ടായിരുന്നു എന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 1980 ൽ ഡിവൈഎഫ്ഐ രൂപം കൊണ്ടപ്പോൾ പ്രഥമ അഖിലേന്ത്യ പ്രസിഡന്റായിരുന്നു ഇ പി. ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയായ എം വി ഗോവിന്ദൻ അന്ന് ഡിവൈഎഫ്ഐയുടെ കേരള ഘടകം പ്രസിഡന്റായിരുന്നു. പിണറായി വിജയനുമായുള്ള അടുപ്പം പാർട്ടി സെക്രട്ടറി പദവിയിലേക്കുള്ള പാലമാവുമെന്ന് ഇ.പി കരുതിയിരിക്കണം.
ജീവിതത്തിന്റെ ഓരോഘട്ടത്തിലും ചവിട്ടിത്താഴ്ത്താൻ ശ്രമിച്ചവരുണ്ടെന്നും തന്നെക്കുറിച്ച് ശത്രുക്കൾ പൊതുസമൂഹത്തിൽ തീർത്തിട്ടുള്ള വ്യാജപ്രതിച്ഛായ പൊളിച്ചെഴുതുന്നതിനുള്ള ശ്രമമാണ് ഈ ജീവിതരേഖയെന്നും പുസ്തകത്തിലുണ്ട്. ”ഇത്തരം കാര്യങ്ങളോരോന്നും വർഷങ്ങളായി മനസ്സിൽ കിടന്നു തിളച്ചുമറിയുകയാണ്. അതെല്ലാം രേഖപ്പെടുത്താതെ പോകുന്നത് എന്റെ മനഃസാക്ഷിയോട് ചെയ്യുന്ന അനീതിയാകുമെന്നതിനാലാണ് ഇങ്ങനെ ഒരുദ്യമത്തിനു തുനിയുന്നത്.”ഉപതിരഞ്ഞെടുപ്പിന് മുൻപ് പ്രസിദ്ധീകരിക്കാൻ ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്ന് അവസാനതാളുകളിൽ പറയുന്നു. ‘സംസ്ഥാനത്ത് മൂന്ന് ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നതിന്റെ അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് ഇതു കുറിക്കുന്നത്. വോട്ടെടുപ്പിനു മുൻപ് ഇത് പ്രസിദ്ധീകരിക്കുകയാണെങ്കിൽ അതും വിവാദമായേക്കാം. ഏതായാലും അത് കഴിഞ്ഞാകും എന്നുള്ളതുകൊണ്ട് തുറന്നുപറയാമല്ലോ?’ പക്ഷേ, സി.പി.എമ്മിനെ കുരുക്കിലാക്കി സംഗതി ബുധനാഴ്ചതന്നെ പുറത്തുവന്നു.
ഇ.പി. ജയരാജന്റേതെന്ന പേരിൽ പുറത്തുവന്ന ആത്മകഥയിൽ ദുഃഖിതനും ഖിന്നനുമായ ഒരാളുടെ ചിത്രമാണ് തെളിയുന്നത്. പാർട്ടിക്കുവേണ്ടി വെടിയുണ്ടയുടെ ചീളുകൾ ഇപ്പോഴും ശരീരത്തിൽ പേറുന്ന ഒരാൾക്ക് പാർട്ടിയുടെ ഇന്നത്തെ അവസ്ഥയിലുള്ള ആശങ്കകളും സങ്കടവും ആ താളുകളിലുണ്ട്.
എന്നാൽ തിരഞ്ഞെടുപ്പ് ദിനം ഇത്തരമൊരു വിവാദമുണ്ടായത് ആസൂത്രിതമാണ്. ആത്മകഥ എഴുതുന്നതിന് പാർട്ടിയുടെ അനുമതി ആവശ്യമില്ല. പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് പാർട്ടിയുടെ അനുവാദം വാങ്ങുമെന്നും ഇ.പി വ്യക്തമാക്കി.
ആത്മകഥ ഇപ്പോൾ എഴുതുകയാണ്. അത് പൂർത്തിയായിട്ടില്ല. ആർക്കും പ്രസാധന ചുമതല നൽകിയിട്ടില്ല. ഡി.സി. ബുക്സും മാതൃഭൂമിയും സമീപിച്ചിരുന്നു. ഒരാൾക്കും കരാർ നൽകിയിട്ടില്ല. സ്വന്തമായാണ് ആത്മകഥ എഴുതുന്നത്. ആരെയും ഏൽപ്പിക്കുന്നില്ല. ഭാഷാശുദ്ധി വരുത്താൻ വേണ്ടി മാത്രം ഒരാളെ ഏൽപ്പിച്ചിട്ടുണ്ട്. പുസ്തകം പ്രസിദ്ധീകരിക്കാൻ തനിക്ക് മാത്രമാണ് അധികാരം. ആർക്കും ചുമതല നൽകിയിട്ടില്ല. കവർ പേജ് പോലും ഇന്നലെയാണ് കാണുന്നത്. പുസ്തകം അധികം താമസിയാതെ പുറത്തിറക്കും. അപ്പോൾ കാര്യങ്ങൾ മനസ്സിലാക്കും.
ഡി.ജി.പിക്ക് പരാതി സമർപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങളിൽ വന്നിട്ടുള്ള ഒരു കാര്യവും താൻ എഴുതിയതല്ല. ടൈംസ് ഓഫ് ഇന്ത്യയുടെ ആദ്യ പേജിൽ ഇത് വരണമെങ്കിൽ നിസ്സാരമായ കാര്യമായി കാണുന്നില്ല.
തിരഞ്ഞെടുപ്പ് ദിവസം ഇത്തരമൊരു സംഭവം ഉണ്ടായത് ആസൂത്രിതമായാണ്. പാലക്കാട്ടും ചേലക്കരയിലും ഇടതുപക്ഷം മുന്നേറുകയാണ്. ഈ രാഷ്ട്രീയസാഹചര്യം ഉയർന്നുവരുമ്പോൾ അത് ഇല്ലാതാക്കാൻ വേണ്ടി നടത്തിയതാണ്. കഴിഞ്ഞ തവണ ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട വാർത്ത തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തുവിട്ടതും ആസൂത്രിതമായിരുന്നു.