വിവാദങ്ങൾ ശക്തമാകുമ്പോഴും ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് ഇ.പി.ജയരാജൻ. പ്രസിദ്ധീകരണത്തിന് ഡി.സി.ബുക്സിനെ ഏൽപ്പിച്ചിട്ടില്ലെന്നും ഇ.പി.പറയുന്നു. ഡി.സി.ബുക്സിനെതിരെ പരാതി നൽകി. ഡി.സി.ബുക്സിന് വക്കീൽ നോട്ടീസും അയച്ച് നിയമവഴിയേ തന്നെയാണ് ഇ.പി.പോകുന്നത്. ആത്മകഥയുടെ എഴുത്ത് ഇതുവരെ പൂർത്തിയായിട്ടില്ല. ദേശീയ മാധ്യമത്തിന്റെ ഒന്നാം പേജിൽ തിരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിന് പിന്നിൽ വലിയ ഗൂഢാലോചന സംശയിക്കുന്നു. തനിക്കെതിരെയുള്ള ഗൂഢാലോചന ഇതാദ്യമല്ല മുൻപും പലതവണ ഉണ്ടായിട്ടുണ്ടെന്നും ഇ.പി കൂട്ടിച്ചേർത്തു. വൈദേകം റിസോർട്ട്, ജാവഡേക്കാർ കൂടിക്കാഴ്ച ഇതെല്ലാം അതിൽപെടും. ആത്മകഥാ വിവാദം അതുപോലെ മറ്റൊന്നാണ്. എഴുതിത്തീരാത്ത പുസ്തകം എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നത്. താൻ ആർക്കും അത്തരത്തിൽ ഒരു അനുമതി നൽകിയിട്ടില്ല എന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും ഇ.പി.ജയരാജൻ ആവർത്തിച്ചു.