Sports

സച്ചിന്‍ ബേബിക്കും മുഹമ്മദ് അസറുദ്ദീനും അര്‍ദ്ധ സെഞ്ച്വറി: രഞ്ജിയില്‍ കേരളത്തിന് 285 റണ്‍സ്

ഹരിയാനയ്‌ക്കെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ സച്ചിന്‍ ബേബിക്കും മുഹമ്മദ് അസറുദ്ദീനും അര്‍ദ്ധ സെഞ്ച്വറി. ആദ്യ ദിനം രോഹനും അക്ഷയും അര്‍ദ്ധ സഞ്ച്വറി നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് രണ്ടാംദിനവും കേരളത്തിന്റെ താരങ്ങള്‍ അര്‍ദ്ധസെഞ്ച്വറി നേടുന്നത്. 146 പന്തില്‍ നിന്ന് രണ്ട് ഫോര്‍ ഉള്‍പ്പെടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 52 റണ്‍സെടുത്തപ്പോള്‍ മുഹമ്മദ് അസറുദ്ദീന്‍ 74 പന്തില്‍ നിന്നാണ് മൂന്ന് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 53 റണ്‍സ് നേടിയത്. ഇരുവരുടെയും അര്‍ദ്ധസെഞ്ച്വറിയുടെ മികവില്‍ കളി നിര്‍ത്തുമ്പോള്‍ കേരളം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയിലാണ്.

രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ഇന്നിങ്‌സ് പുനരാരംഭിച്ച കേരളം ഇരുവരുടെയും ബാറ്റിങ് മികവിലാണ് സ്‌കോര്‍ 250 കടത്തിയത്. ചൗധരി ബന്‍സി ലാല്‍ സ്‌റ്റേഡിയത്തില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം വൈകിയാണ് ആരംഭിച്ചത്. ഇന്നിങ്‌സ് പുനരാരംഭിച്ച കേരളത്തിന് പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അക്ഷയ് ചന്ദ്രന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. 59 റണ്‍സെടുത്ത അക്ഷയ്, തുടര്‍ന്ന് ക്രീസിലെത്തിയ ജലജ് സക്‌സേന(4), സല്‍മാന്‍ നിസാര്‍(0) എന്നിവരും കംബോജിന്റെ പന്തിലാണ് പുറത്തായത്.

സ്‌കോര്‍ 158 ല്‍ എത്തിയപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടമായ കേരളത്തെ കരകയറ്റിയത് ഏഴാമനായി ഇറങ്ങിയ മുഹമ്മദ് അസറുദ്ദീന്റെയും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേര്‍ന്ന് 71 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ 200 കടന്നു. സ്‌കോര്‍ 232 ല്‍ എത്തിയപ്പോള്‍ അസറുദ്ദീന്റെ(53) വിക്കറ്റും കേരളത്തിന് നഷ്ടമായി. അസറുദ്ദീന്‍ പുറത്തായതിന് പിന്നാലെ സച്ചിനും(52) കപില്‍ ഹൂഡയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്ന് 15 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നിതീഷ് എം.ഡിയെയും കേരളത്തിന് നഷ്ടമായി.

പിന്നീട് പത്താമനായി ഇറങ്ങിയ ബേസില്‍ തമ്പിയുമായി ചേര്‍ന്ന് ഷോണ്‍ റോജറാണ് കേരളത്തെ ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. ഇരുവരും ചേര്‍ന്നുള്ള സഖ്യം 38 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തു. 27 ഓവറില്‍ 48 റണ്‍സ് വഴങ്ങി കേരളത്തിന്റെ എട്ട് വിക്കറ്റും വീഴ്ത്തിയത് അന്‍ഷുല്‍ കംബോജാണ്. വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ ഷോണ്‍ റോജര്‍(37), ബേസില്‍ തമ്പി(4) എന്നിവരാണ് ക്രീസില്‍.

CONTENT HIGHLIGHTS;Sachin Baby, Mohammad Azharuddin half-centuries: 285 for Kerala in Ranji