മീശപ്പുലിമലയിൽ മഞ്ഞു പെയ്യുന്നത് കാണാൻ അടിപൊളിയാണെന്ന് നമ്മൾ എല്ലാവരും കേട്ടുകാണും. എന്നാൽ അതുപോലെ തന്നെ ഒരു അടിപൊളി സ്ഥലം മൂന്നാറിൽ വേറെയുണ്ട്. ഭൂമിയിലെ മറ്റൊരു സ്വർഗ്ഗം, കൊളുക്കുമല. ലോകത്തെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടമായ കൊളുക്കുമലയിൽ മഞ്ഞു പെയ്യുന്നത് ഒന്ന് കണ്ടു നോക്കണം, അതൊരു മികച്ച അനുഭവമാണ്. തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് കൊളുക്കുമല സ്ഥിതി ചെയ്യുന്നത്. നമ്മുടെ മൂന്നാറിലൂടെയാണ് കൊളുക്കുമരയിലേക്ക് പ്രവേശിക്കേണ്ടത്. തേയിലയ്ക്ക് പുറമേ ചെമ്മരിയാടുകളും നീലക്കുറിഞ്ഞിയും ഒക്കെയുള്ള അതിമനോഹരമായ സ്ഥലമാണ് കുളിക്കുമല. ഇവിടെ നിന്ന് സൂര്യോദയം കാണാനും അടിപൊളിയാണ്.
പുലർച്ച തന്നെ കൊളുക്കുമലയിലേക്ക് എത്തണം എങ്കിലേ സൂര്യനുദിച്ചു വരുന്ന മനോഹര കാഴ്ച ആസ്വദിക്കാനാകൂ. സൂര്യനെല്ലി വഴിയാണ് കൊളുക്കുമലയിലേക്ക് എത്തേണ്ടത്. ദുർഘടം പിടിച്ച പാതയായതിനാൽ ഒരു ഓഫ് റോഡ് ജീപ്പ് ഇതിനായി സജ്ജമായിരിക്കണം. ഒരു ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്ത് പോകുന്നവർക്ക് മീശപ്പുലിമല, തിപ്പാടമല, തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൊളുക്കുമലയുടെ പ്രാന്തപദേശത്ത് തന്നെയുണ്ട്. കൂടാതെ, ദേവികുളം, ചിന്നാർ വന്യജീവി സങ്കേതം, മൂന്നാർ, തേക്കടി, തേനി, കമ്പം മുതലായ ഇടങ്ങളും ഈ യാത്രയില്‍ സന്ദര്‍ശിക്കാം.