ഭൂരിഭാഗം മുത്തുകളും ചിപ്പികളുടെ സൃഷ്ടിയാണെന്ന് നമുക്കറിയാം. എന്നാൽ ലോകത്തിലെ ഏറ്റവും വിലയേറിയ മുത്ത് സൃഷ്ടിക്കുന്നത് ചിപ്പി അല്ല. അതിന്റെ ഉടമ ഒരു ഒച്ചാണ്. മെലോ മെലോ പേൾ എന്ന ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ മുത്ത് മെലോ മെലോ എന്ന ഒച്ചിൽ നിന്നുമാണ് ലഭിക്കുന്നത്. നല്ല തീജ്വാലയുടെ നിറത്തിൽ തുടുതുടുത്തങ്ങനെ ഇരിക്കുന്ന ഈ മുത്ത് അപൂർവമായി മാത്രമേ ലഭ്യമാകൂ എന്നതിനാൽ ദശലക്ഷങ്ങളാണ് ഇതിന് വില. നിലവിൽ 20 കാരറ്റിൽ താഴെ മാത്രം വരുന്ന ഒരു ചെറിയ മെലോ മെലോ മുത്തിന് പോലും ഇരുപതിനായിരം ഡോളറോളം വിലയുണ്ട്. അതായത് ചെറിയൊരു മെലോ മെലോ മുത്ത് വാങ്ങണമെങ്കിൽ 17 ലക്ഷത്തോളം ഇന്ത്യൻ രൂപ കൊടുക്കണം.
ലോകത്തിൽ തന്നെ ഏറെ അപൂർവമായി മാത്രം ലഭിക്കുന്ന മെലോ മെലോ മുത്ത് ഉത്പാദിപ്പിക്കുന്നത് ഒരിനം ഭക്ഷ്യയോഗ്യമായ കടൽ ഒച്ചുകളാണ്. മെലോ മെലോ, സെബ്ര കടൽ ഒച്ചുകൾ, ബെയ്‌ലർ ഷെൽ, ബെയ്‌ലർ വോൾട്ട് എന്നിങ്ങനെ വിവിധ പേരുകളിൽ ഇത് അറിയപ്പെടുന്നുണ്ട്. തെക്കുകിഴക്കൻ ഏഷ്യയിൽ ആണ് ഇവയെ സാധാരണയായി കണ്ടു വരുന്നത്. ദക്ഷിണ ചൈനാ കടലിലും മ്യാൻമർ, തായ്ലൻഡ്, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിലെ കടലുകളിലും ഇവയെ കാണാൻ കഴിയും. ഇളം മഞ്ഞ , ഇളം തവിട്ട് നിറങ്ങളിൽ തുടങ്ങി അഗ്നിജ്വാലയ്ക്ക് സമാനമായ കടുത്ത ഓറഞ്ച് നിറത്തിൽ വരെ മുത്തുകൾ ഉണ്ടാകും. ഏറ്റവും കടുത്ത ഓറഞ്ച് നിറത്തിലുള്ള മുത്തുകൾക്കാണ് വില കൂടുതൽ ലഭിക്കുന്നത്.
പതിനായിരക്കണക്കിന് ഒച്ചുകളെ എടുത്താൽ അതിൽ ഒരെണ്ണം മാത്രമായിരിക്കും ചിലപ്പോൾ മുത്ത് ഉല്പാദിപ്പിക്കുന്നത് എന്നുള്ളതാണ് മെലോ മെലോ മുത്തിനെ കൂടുതൽ സവിശേഷതയുള്ളതാക്കുന്നത്. മാത്രവുമല്ല ഈ മുത്ത് ഉത്പാദിപ്പിക്കുന്ന ഒച്ച് 10 വർഷത്തോളം സമയമെടുത്താണ് മുത്തിനെ ശരിയായ ഘടനയിലേക്ക് അവയെ എത്തിക്കുന്നത്. അതിനാൽ തന്നെ ഈ മുത്ത് ലഭിക്കുക എന്നുള്ളത് ലോട്ടറി ആണെന്ന് തന്നെ പറയാം. വലിപ്പവും തിളക്കവും എല്ലാം കൂടുന്നതിനനുസരിച്ച് 75,000 ഡോളറിന് പോലും ഈ മുത്തുകൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.
മറ്റു മുത്തുകളെ അപേക്ഷിച്ച് വ്യത്യസ്തമായ ഘടനയാണ് മെലോ മെലോ മുത്തുകൾക്ക് ഉള്ളത്. ക്രിസ്റ്റലിന് സമാനമായ ഘടനയാണ് ഇവയ്ക്ക്. ഓറഞ്ച് നിറമുള്ള ഒരു ചെറിയ ഗോലി പോലെ ആണ് ഇവ കാണപ്പെടുക. കാൽസൈറ്റും അരഗോണൈറ്റും ഉപയോഗിച്ചാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നതിനാലാണ് ഇവയ്ക്ക് ഈ ക്രിസ്റ്റൽ രൂപം ലഭിച്ചിട്ടുള്ളത്. കൂടുതൽ ഗുണനിലവാരവും പഴക്കവും അനുസരിച്ച് മെലോ മെലോ മുത്തുകളുടെ മിനുസവും വർദ്ധിക്കുന്നതാണ്. അപൂർവങ്ങളിൽ അപൂർവമായി ലഭിക്കുന്നതുകൊണ്ട് തന്നെ ആഡംബര ആഭരണങ്ങളുടെ വിപണിയിൽ വലിയ ഡിമാൻഡ് ആണ് ഈ മുത്തുകൾക്ക് ഉള്ളത്.
STORY HIGHLLIGHTS : this-snail-creates-the-most-valuable-pearl-in-the-world