തിരുവനന്തപുരം: കേരള കലാമണ്ഡലം, സാഹിത്യ അക്കാദമി, സ്പോർട്സ് കൗൺസിൽ, ലൈബ്രറി കൗൺസിൽ, ലളിതകലാ അക്കാദമി തുടങ്ങി ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളം, പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾക്കു പണം സ്ഥാപനങ്ങൾ സ്വയം കണ്ടെത്തണമെന്നു ധനവകുപ്പിന്റെ സർക്കുലർ.
ജീവനക്കാരോ സ്ഥാപനങ്ങളിൽനിന്നു പണം ലഭിക്കാനുള്ളവരോ കോടതിയെ സമീപിച്ചാൽ ‘സർക്കാരിന് ബാധ്യതയില്ല’ എന്നതും കേസുകളിൽ തങ്ങളെ എതിർകക്ഷി ആക്കേണ്ടതില്ലെന്നതും ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാർ കോടതിയെ അറിയിക്കണമെന്നു സർക്കുലർ വ്യക്തമാക്കുന്നു. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ബജറ്റിൽ നിലവിൽ ഗ്രാന്റ് നൽകുന്നുണ്ട്. ശമ്പളം അടക്കമുള്ള ചെലവുകൾക്കായി പല സ്ഥാപനങ്ങളും ഗ്രാന്റ് തുക ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് സർക്കുലർ. സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ്, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്, ദേവസ്വം റിക്രൂട്മെന്റ് ബോർഡ് തുടങ്ങിയവയും ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുടെ പട്ടികയിലുണ്ട്. എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പട്ടികയിൽ ഉൾപ്പെടില്ല.