ചായക്കൊപ്പം കഴിക്കാൻ പ്രിയപ്പെട്ട പലഹാരങ്ങളാണ് വടയും, സുഖിയനും, കട്ലറ്റുമൊക്കെ. മഴയുള്ള സമയങ്ങളിൽ ഇത്തരം പലഹാരങ്ങൾ കഴിക്കാൻ കൊതി തോന്നാത്തവർ ചുരുക്കമേ കാണൂ. കടയിൽ നിന്നും വാങ്ങുന്നതിലും രുചിയിൽ ഇവ വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കും. വ്യത്യസ്ത രുചികളിൽ ഇവ പരീക്ഷിച്ചു നോക്കുകയും ആവാം. അത്തരത്തിലൊരു പലഹാരമാണ് ഏത്തപ്പഴം കട്ലറ്റ്. നന്നായി പഴുത്ത നേന്ത്രപ്പഴവും ഉണ്ടെങ്കിൽ മിനിറ്റുകൾക്കുള്ളിൽ ഇത് വറുത്തെടുക്കാം. ചിങ്കി ജോയ് തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് പഴം കട്ലറ്റ് റെസിപ്പി പരിചയപ്പെടുത്തുന്നത്.
ചേരുവകൾ
പഴം
തേങ്ങ
നെയ്യ്
ഏലയ്ക്കാപൊടി
പഞ്ചസാര
റെസ്‌ക് പൊടി
മൈദ
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത ഒരു പഴം ചെറിയ കഷ്ണങ്ങളായി മുറിക്കാം. ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം നെയ്യ് ഒഴിച്ചോളൂ.
അതിലേക്ക് പഴ കഷ്ണങ്ങൾ ചേർത്ത് വേവിക്കാം. ആവശ്യത്തിന് തേങ്ങ ചിരകിയതു കൂടി ചേർത്തിളക്കി വേവിക്കാം. തേങ്ങ വെന്ത് വരുമ്പോൾ മധുരത്തിനനുസരിച്ച് പഞ്ചസാര , അൽപ്പം ഏലയ്ക്ക പൊടിച്ചത് എന്നിവ ചേർത്തിളക്കി യോജിപ്പിക്കാം. അടുപ്പണച്ച് ചൂടാറാൻ ഇത് മാറ്റി വയ്ക്കാം. തണുത്ത് വരുമ്പോൾ റെസ്ക് പൊടിച്ചത് ചേർത്തിളക്കാം. ഒരു ബൗളിൽ കുറച്ച് മൈദ വെള്ളം ഒഴിച്ച് കലക്കി വെയ്ക്കാം, മറ്റൊന്നിൽ റെസ്ക് പൊടിച്ചതും എടുത്തു വയ്ക്കാം. തയ്യാറാക്കിയ ഏത്തപ്പഴം മാവിൽ നിന്ന് അൽപ്പം വീതം എടുത്ത് ചെറിയ ഉരുളകളായി പരത്തുക. അത് മൈദയിലും, റെസ്ക് പൊടിച്ചതിലും മുക്കിയെടുക്കും. അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് വറുക്കാനാവശ്യമായ എണ്ണ ചേർത്ത് ചൂടാക്കാം. അതിലേക്ക് കട്ലറ്റ് ചേർത്ത് വറുക്കാം.