Kerala

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; അത് സംരക്ഷിക്കപ്പെടണമെന്ന് സമസ്ത സെക്രട്ടറി

മുനമ്പത്തേത് വഖഫ് ഭൂമി തന്നെയെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. 1950 ലാണ് ഭൂമി വഖഫ് ആയത്. 404 ഏക്കര്‍ ഭൂമിയാണ് മുനമ്പത്ത് വഖഫ് സ്വത്തായിട്ടുള്ളതെന്നും ഉമര്‍ ഫൈസി പറഞ്ഞു. എസ്‌കെഎസ്എസ്എഫ് കോഴിക്കോട് മുതലക്കുളം മൈതാനത്ത് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫറൂഖ് കോളജ് നടത്തുന്നത് വഹാബികളാണ്. അവരാണ് മുനമ്പത്തെ വഖഫ് ഭൂമി വിറ്റത്. ഇവിടെ ഭൂമി വാങ്ങിയവര്‍ നിരപരാധികളാണ്. വഖഫ് സ്വത്ത് വില്‍ക്കാന്‍പാടില്ല. അതറിയാതെ സ്ഥലംവാങ്ങിയവര്‍ക്ക് ഫറൂഖ് കോളജിന്റെ നടത്തിപ്പുകാരായ വഹാബികളില്‍ നിന്ന് വില തിരികെ വാങ്ങിക്കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അവിടെ താമസിക്കുന്ന പാവപ്പെട്ടവരെ വെറുതെ റോഡിലേക്ക് ഇറക്കി വിടാൻ പാടില്ല. ഭൂമി വിറ്റ വഹാബികളിൽ നിന്നും നഷ്ടപരിഹാരം വാങ്ങി അവരെ അനുയോജ്യമായ സ്ഥലത്ത് പാർപ്പിക്കുകയാണ് വേണ്ടത്.

മതത്തില്‍ ബന്ധമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും വിഷയത്തില്‍ ശരിയായ നിലപാട് സ്വീകരിച്ചില്ലെന്ന് മുസ്ലിം ലീഗിനെ പരോക്ഷമായി ലക്ഷ്യമിട്ട് ഉമര്‍ ഫൈസി പറഞ്ഞു. ആ ഭൂമി വഖഫ് ഭൂമിയാണെന്നതില്‍ യാതൊരു തര്‍ക്കവുമില്ല. അതിന് ആധാരമുണ്ട്. താന്‍ വ്യക്തിപരമായി പരിശോധിച്ച് ഉറപ്പാക്കിയതാണെന്നും ഉമര്‍ ഫൈസി പറഞ്ഞു. വഖ്ഫ് സ്വത്ത് വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല. അന്ത്യനാള്‍ വരെ അങ്ങനെത്തന്നെ നില്‍ക്കണം. ആ സ്വത്താണ് വഹാബികള്‍ വിറ്റത്. അവര്‍ക്ക് എന്ത് ഹറാമും ഹലാലുമെന്നും അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ മുനമ്പത്ത് താമസിക്കുന്ന ആളുകളുടെ പേരുപറഞ്ഞ് കണ്ണീര്‍ വാര്‍ക്കുകയാണ്. അവരുടേത് വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള കള്ളക്കണ്ണീരാണ്. വഹാബികള്‍ നടത്തുന്ന ഫറൂഖ് കോളജ് മാനേജ്‌മെന്റില്‍ നിന്നും നഷ്ടപരിഹാരം വാങ്ങി താമസക്കാര്‍ക്ക് കൊടുക്കുകയും, അവരെ മറ്റൊരിടത്ത് മാറ്റിപാര്‍പ്പിക്കുകയുമാണ് ചെയ്യേണ്ടത്. സമരത്തിനായി ആളുകളെ ഇപ്പോള്‍ ഇറക്കി വിടുന്നതിനു പിന്നില്‍ അറുപതോളം റിസോര്‍ട്ട് മാഫിയകളാണെന്നും ഉമര്‍ ഫൈസി ആരോപിച്ചു.