Entertainment

ഞാന്‍ കോണ്‍ഗ്രസ് വിരുദ്ധനല്ല; മനസ് തുറന്ന് ജോജു ജോർജ്

ജൂനിയർ ആർട്ടിസ്റ്റായി മലയാള സിനിമാ ലോകത്ത് ചുവടുവച്ച ആളാണ് ജോജു ജോർജ്. പിന്നീട് സഹനടനായും എത്തിയ അദ്ദേഹത്തിന്റെ കരിയറിൽ വൻ വഴിത്തിരിവായി മാറിയത് ജോസഫ് എന്ന ചിത്രമാണ്. ടൈറ്റിൽ വേഷത്തിൽ ജോജു എത്തിയപ്പോൾ പ്രേക്ഷകർ അതൊന്നടങ്കം ഏറ്റെടുത്തു. പ്രശംസകൾ കൊണ്ട് മൂടി. പിന്നീട് ഇങ്ങോട്ട് വന്ന സിനിമകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒടുവിൽ നിർമാതാവ് കൂടിയായ ജോജു സംവിധായകന്റെ മേലങ്കിയും അണിഞ്ഞു. കാലങ്ങളായുള്ള സിനിമാ ജീവിതത്തിൽ നിന്നും ഉൾകൊണ്ട പാഠങ്ങളുമായിട്ടായിരുന്നു ജോജു ജോർജ് സംവിധാനത്തിൽ എത്തിയത്. ഒടുവിൽ പണി എന്ന ചിത്രം തിയറ്ററുകളിൽ എത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ജോജുവിന് പണി അറിയാം എന്ന് കുറിച്ചു കൊണ്ടുള്ള ധാരാളം കമന്റുകളും വന്നു. ചിത്രത്തിന് ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചെങ്കിലും ചില വിവാദങ്ങളും ചിത്രത്തിന് നേരിടേണ്ടി വന്നു. ഇപ്പോഴിതാ, ആ വിവാദങ്ങളെക്കുറിച്ചും പണി എന്ന സിനിമയെക്കുറിച്ചും മനസ് തുറക്കുകയാണ് ജോജു ജോര്‍ജ്.

‘ഏറ്റവും ഇഷ്ട്ടം അഭിനയമാണ്. എപ്പോഴെങ്കിലും ഒരു സിനിമ സംവിധാനം ചെയണമെന്നുള്ള ചിന്ത പണ്ടേ ഉണ്ടായിരുന്നു. ഇത് എനിക്ക് ഒറ്റയ്ക്ക് തോന്നിയ ഐഡിയ ആണ്. ഒരു കൊമേർഷ്യൽ പടം ചെയ്യണമെന്ന്, ഈ കഥ ഞാൻ ആദ്യമായി സംസാരിക്കുന്നത് ക്യാമറമാൻ വേണു സാറിന്റെ അടുത്താണ്. വേണു സാർ തന്നെയാണ് ഇത് എന്നോട് സംവിധാനം ചെയ്യാൻ പറയുന്നത്. ഒരുപക്ഷെ സർ പറഞ്ഞ ഒറ്റവാക്കിലാണ് അന്ന് ആ തീരുമാനം എടുത്തത് എന്ന് തന്നെ പറയാം. ചില വിവാദങ്ങൾ ഒഴിവാക്കേണ്ടത് ആയിരുന്നു, അത് എന്റെ ജീവിതത്തിൽ വേണ്ടാത്ത ഒരു കാര്യം തന്നെയായിരുന്നു. പക്ഷെ അത് വ്യഖ്യാനിക്കപ്പെട്ടത് ഒരു റിവ്യൂ പറഞ്ഞ ഒരാളെ ഭീഷണിപ്പെടുത്തി എന്ന ലെവലിലായിരുന്നു. പക്ഷെ ഞാൻ അസഭ്യമായ തെറികളൊന്നും പറഞ്ഞിട്ടില്ല എന്നാണ് എന്റെ വിശ്വാസം. എന്നാലും അത് ഒഴിവാക്കേണ്ടത് തന്നെയായിരുന്നു, അത് എന്നെ ഭയങ്കരമായിട്ട് ബാധിച്ചു. ഫാമിലിനെയൊക്കെ എഫക്ട് ചെയ്തു. അഭിപ്രായസ്വാതന്ത്ര്യം ചെയ്ത ആളെ ചോദ്യം ചെയ്തു എന്ന ലെവലിലാണ് ഞാൻ ക്രൂശിക്കപ്പെടുന്നത്. അഭിപ്രായസ്വാതന്ത്ര്യം ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. ആർക്കും അഭിപ്രയം പറയാം.- ജോജു ജോര്‍ജ് പറഞ്ഞു. താനൊരു കോണ്‍ഗ്രസ് വിരുദ്ധനല്ലെന്നും സിനിമയാണ് തൻ്റെ രാഷ്ട്രീയമെന്നും താരം കൂട്ടിച്ചേർത്തു.