ജയ് ഭീം എന്ന ചിത്രത്തിനുശേഷം ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്ത് ചിത്രമാണ് വേട്ടയ്യൻ. ചിത്രത്തിൽ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് രജനി എത്തുന്നത്. അമിതാഭ് ബച്ചൻ, റാണ ദഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, റിതിക സിങ്, ദുഷാര വിജയൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
33 വർഷത്തിന് ശേഷം രജനീകാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വേട്ടയ്യൻ. 1991 ൽ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് വേട്ടയ്യൻ റിലീസ് ചെയ്തത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ ചിത്രത്തിലെ ‘മനസിലായോ?’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ ട്രെൻഡായി മാറിയിരുന്നു.
ഇപ്പോഴിതാ രജനികാന്തിനോടൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് സാബുമോന്‍. പ്രിവ്യൂ വീഡിയോയിൽ ഒട്ടും പ്രതീക്ഷിക്കാത്തൊരു മലയാളി താരമായിരുന്നു സാബു മോൻ. രജനികാന്തിനോട് തമിഴ്നാട്ടുകാര്‍ക്കുള്ള ആരാധന തന്നെ അത്ഭുതപ്പെടുത്തിയെന്നും സാബുമോന്‍ പറഞ്ഞു.
കേരളത്തിലെ താരങ്ങളെ പോലെയല്ല തമിഴ്‌നാട്ടിലെ സൂപ്പര്‍സ്റ്റാര്‍സെന്നും, എല്ലാവര്‍ക്കും പോയി കാണാനൊന്നും കഴിയില്ലെന്നും സാബുമോന്‍ പറഞ്ഞു. താൻ ആരുടെയും ഫാൻ ആല്ലെന്നും എന്നാൽ രജനികാന്തിനെ ഒരുപാട് ഇഷ്ടമാണെന്നും രജനികാന്തിനെ നേരിൽ കണ്ടത് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഞാന്‍ ആരുടെയും ഫാന്‍ അല്ല. പക്ഷെ രജനികാന്തിനെ ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. അദ്ദേഹത്തെ പോലെ ഒരു ലെജന്‍ഡിനെ നേരിട്ട് കാണാനും ഒന്നിച്ച് സ്‌ക്രീന്‍ ഷെയര്‍ ചെയ്യാനും കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. നമ്മുടെ നാട്ടിലെ താരങ്ങളെ പോലെയല്ല തമിഴ്‌നാട്ടിലെ സൂപ്പര്‍സ്റ്റാര്‍സ്. എല്ലാവര്‍ക്കും പോയി കാണാനൊന്നും കഴിയില്ല. ഷൂട്ടിന്റെ ആദ്യ ദിവസം അദ്ദേഹത്തെ കാണാന്‍ പോയത് മറക്കാനാകില്ല. മേക്കപ്പ് കഴിഞ്ഞ ശേഷം സംവിധായകന്‍ വന്ന് കണ്ട് ഓക്കെ പറഞ്ഞു. രജനികാന്തിനെ പരിചയപ്പെടുത്തി തരാമെന്ന് പറഞ്ഞു കൊണ്ടുപോയി.’ സാബു മോൻ പറഞ്ഞു.
‘ഫാക്ടറി പോലെയുള്ള ഒരു സ്ഥലത്തായിരുന്നു അന്ന് ഷൂട്ട്. രജനികാന്ത് അവിടെ ഒരു ചുവന്ന കസേരയില്‍ ഇരിക്കുന്നതാണ് ഞാന്‍ കണ്ടത്. അദ്ദേഹം എന്നെ കണ്ടതും ചാടിയെണീറ്റു. ഞാന്‍ ആകെ ഞെട്ടിപ്പോയി. എനിക്ക് കയ്യും കാലും വിറയ്ക്കുന്നുവെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. സാര്‍ അപ്പോള്‍ ചുമലിലൊക്കെ തട്ടി കുറച്ച് സമയം സംസാരിച്ചു. വളരെ എളിമയുള്ള വ്യക്തിയാണ് അദ്ദേഹം. പക്ഷെ മേക്കപ്പ് ഇട്ട് കഥാപാത്രമായി വരുന്നതോടെ അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് മാറും. ഓരോ ആക്ഷനും സ്‌റ്റൈലൈസ്ഡാകും.’
‘ഓരോ ദിവസവും ആയിരക്കണക്കിന് പേര്‍ രജനികാന്തിനൊപ്പം ഫോട്ടോയെടുക്കാന്‍ എത്തും. ഷൂട്ടിന് ശേഷം കാരവാന് പുറത്ത് അദ്ദേഹം നില്‍ക്കും. ഓരോരുത്തരായി വന്ന് ഫോട്ടോ എടുക്കും. അതിന് മാത്രമായി ഒരു ഫോട്ടോഗ്രാഫറും അവിടെ ഉണ്ടാകും. അയാളുടെ അടുത്ത് നിന്നുമാണ് ഈ ആരാധകരെല്ലാം ഫോട്ടോ പിന്നീട് വാങ്ങിക്കുന്നത്. ഇത് എല്ലാ ദിവസവും കാണും.’ സാബു മോൻ കൂട്ടിച്ചേർത്തു.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ രജനിയുടെ ആരാധകരുടെ ആവേശം അമ്പരിപ്പിച്ചെന്നും ട്രാന്‍സ് മൂഡിലായിരുന്നു എല്ലാവരുമെന്നും സാബുമോന്‍ പറഞ്ഞു. പരിപാടി തുടങ്ങി അവസാനിക്കും വരെ ‘തലെെവരേ…’ എന്ന വിളി തുടർന്നെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാണ് സാബുമോന്‍ എത്തുന്നത്. പ്രീവ്യൂ വീഡിയോയിലെ സാബുമോനെ കാണിക്കുന്നുണ്ടെങ്കിലും കഥാപാത്രത്തിന്‍റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവന്നിട്ടില്ല.
content highlight: sabumon-on-playing-rajinikanths-villain-in-vettaiyan