Automobile

മൊറോക്കോ ആര്‍മിക്ക് കൂടുതല്‍ വാഹനങ്ങള്‍ നല്‍കാന്‍ ടാറ്റ

മൊറോക്കന്‍ സൈന്യത്തിന് ടാറ്റയുടെ പുതിയ വാഹനം. 150 ഡബ്ല്യുഎച്ച്പിഎപി (വീല്‍ഡ് ആര്‍മേഡ് ആംഫിബിയസ് പ്ലാറ്റ്‌ഫോം) 8×8 വാഹനങ്ങള്‍ നേരത്തെ റോയല്‍ മൊറോക്കോ ആര്‍മിക്ക് ടാറ്റ കൈമാറിയിരുന്നു. ഇത്തവണ ലൈറ്റ് ആര്‍മേഡ് മള്‍ട്ടിപര്‍പ്പസ് വെഹിക്കിളുകളാണ് (എൽഎഎംഡബ്ല്യു) ടാറ്റ മൊറോക്കോയിലേക്ക് കയറ്റി അയക്കാനൊരുങ്ങുന്നത്. ഇതോടെ മൊറോക്കന്‍ സൈന്യവുമായുള്ള ബന്ധം കൂടുതല്‍ ശക്തമാവുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ. ഉയര്‍ന്ന സുരക്ഷയും മികച്ച ഓഫ്‌റോഡിങ് സാധ്യതകളുമുള്ള വാഹനമാണ് ടാറ്റ മൊറോക്കോ സൈന്യത്തിന് നല്‍കുന്ന എൽഎഎംഡബ്ല്യുകള്‍. സൈനിക നീക്കം, ചരക്കു നീക്കം, നിരീക്ഷണം, തന്ത്രപ്രധാന സൈനിക ദൗത്യങ്ങള്‍ എന്നിവക്കെല്ലാം യോജിച്ച വാഹനങ്ങളാണിവ. മൊറോക്കോയിലെ പ്രാദേശിക പ്രതിസന്ധികളില്‍ സൈനിക നീക്കങ്ങള്‍ക്ക് ഫലപ്രദമാണ് ഇത്തരം വാഹനങ്ങള്‍. ടാറ്റ നല്‍കിയ ഡബ്ല്യുഎച്ച്എപി വാഹനങ്ങള്‍ വിജയമാണെന്നതും എൽഎഎംഡബ്ല്യുകളുടെ സാധ്യത വര്‍ധിക്കുന്നുണ്ട്. മൊറോക്കോയിലും വടക്കേ ആഫ്രിക്കന്‍ മേഖലയിലും ടാറ്റ സാന്നിധ്യം ഉറപ്പിക്കുകയാണ്.

276kW എന്‍ജിനാണ് ടാറ്റ എൽഎഎംഡബ്ല്യുയിലുള്ളത്. പരമാവധി നാലുപേര്‍ക്കു സഞ്ചരിക്കാവുന്ന ഈ വാഹനത്തില്‍ 10,200കീലോഗ്രാം ഭാരം വരെ വഹിക്കാനുമാവും. പഞ്ചറായാലും ഫ്‌ളാറ്റ് ടയറില്‍ വാഹനം മുന്നോട്ടു കൊണ്ടുപോകാമെന്നതും എൽഎഎംഡബ്ല്യുയുടെ ഓഫ് റോഡിങ് മികവ് വര്‍ധിപ്പിക്കുന്നു. STANAG 4569 ലെവല്‍ 2 ബാലിസ്റ്റിക് പ്രൊട്ടക്ഷനുള്ള ഈ വാഹനം മൈന്‍ സ്‌ഫോടനങ്ങളേയും 15 കീലോഗ്രാം ടിഎന്‍ടി വരെയുള്ള സ്‌ഫോടനങ്ങളേയും പ്രതിരോധിക്കാന്‍ കരുത്തുള്ളതാണ്. 360 ഡിഗ്രി ക്യാമറ, ഐഎന്‍എസ്/ജിപിഎസ് നാവിഗേഷന്‍ സിസ്റ്റം, ബാറ്റില്‍ മാനേജ്‌മെന്റ് സിസ്റ്റം, ഐഇഡി ജാമര്‍, സ്‌മോക്ക് ലോഞ്ചറുകള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളുംടാറ്റയുടെ ലൈറ്റ് ആര്‍മേഡ് മള്‍ട്ടിപര്‍പ്പസ് വെഹിക്കിളിലുണ്ട്. സൈനികരേയും ചരക്കുകളും കൊണ്ടുപോവുന്നതിനും നിരീക്ഷണത്തിനുമായി വ്യത്യസ്തവകഭേദങ്ങളും ടാറ്റ നിര്‍മിച്ചു നല്‍കുന്നുണ്ട്.