Travel

അംബോളി… ഇത് തവളകളുടെ അദ്ഭുതലോകം

അങ്ങനെ ആർക്കും അത്ര സുപരിചിതമല്ലാത്ത ഒരു പേരാണ് അംബോളി. മഹാരാഷ്ട്രയിലെ ചിറാപുഞ്ചി എന്ന് വിശേഷണമുള്ള ഈ മനോഹരമായ ചെറു ഹിൽസ്റ്റേഷൻ സിന്ധുദുർഗ്ഗ് ജില്ലയിലെ സഹ്യാദ്രി മലനിരകളിലായാണ് സ്ഥിതി ചെയ്യുന്നത്. ഉത്തരേന്ത്യയിൽ ശൈത്യകാലം അനുഭവപ്പെടുന്ന ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ ധാരാളം ആളുകൾ അംബോളി സന്ദർശിക്കാൻ എത്താറുണ്ട്. പ്രതിവർഷം 740 സെ.മി. മഴ ലഭിക്കുന്നതു കൊണ്ടു തന്നെ കണ്ണിനു കുളിർമയുള്ള പച്ചപ്പും നിത്യഹരിതവനങ്ങളും സജീവമായ വെള്ളചാട്ടങ്ങളും അംബോളിയിലെങ്ങും കാണാം. എന്നാൽ 672 ഹെക്ടറിൽ മാത്രം ഒരുങ്ങി നിൽക്കുന്ന ഈ ചെറു ഭൂപ്രദേശം ജൈവവൈവിധ്യങ്ങളാൽ സമ്പന്നമാണ്. കോടമഞ്ഞും ചാറ്റൽ മഴയും മിതമായ ചൂടും ഉരഗങ്ങൾക്കും പക്ഷികൾക്കും മറ്റു ജന്തു ജീവജാലങ്ങൾക്കും വളർച്ചക്കും പ്രജനനത്തിനും അനുകൂലമായ അന്തരീക്ഷം തീർക്കുന്നു. അതുകൊണ്ടു തന്നെ അപൂർവ്വവും വംശനാശ ഭീഷണി നേരിടുന്നവയും തദ്ദേശീയവുമായ ഒട്ടനവധി ജന്തു ജീവജാലങ്ങളെ നമുക്കിവിടെ കാണുവാൻ സാധിക്കും.

അംബോളി ടൈഗർ റ്റോഡ്, അംബോളി ബുഷ് തവള എന്നിവ അവയിൽ ചിലതു മാത്രം. അതു കൊണ്ട് തന്നെയാണ് ഗവേഷകർക്കും പ്രകൃതിസ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും അംബോളി ഏറ്റവും പ്രിയപ്പെട്ടതാവുന്നത്. പക്ഷികളും തുമ്പികളും ചിത്രശലഭങ്ങളും തവളകളും ഉരഗങ്ങളുമായി 600 ൽ കൂടുതൽ ജാതിയിൽപെട്ട ജീവജാലങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ സാവന്തവാടിയിൽ നിന്നും 31 കിലോ മീറ്റർ ചുരം കയറിവേണം ഹിൽ സ്റ്റേഷനായ അംബോളിയിൽ എത്താൻ.