കുറ്റ്യാടിയിൽ യുവാവിനെ വളഞ്ഞിട്ട് ആക്രമിച്ച് ബിജെപി പ്രവർത്തകർ.
കോഴിക്കോട് കുറ്റ്യാടിയിൽ യുവാവിനെ ബി.ജെ.പി. പ്രവർത്തകർ വളഞ്ഞിട്ട് മർദ്ദിച്ചതായി പരാതി.കാരയാത്തൊടി മുഹമ്മദിനെയാണ് പത്തുപേരടങ്ങുന്ന സംഘം മർദ്ദിച്ചത്. പരിക്കേറ്റ മുഹമ്മദ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
പതിനാലാം തിയതി വൈകുന്നേരം മരുതോങ്കര കെ.എസ്.ഇ.ബി. ഓഫീസിന് മുന്നിൽ നടന്ന ബി.ജെ.പി. ഉപവാസത്തിൽ പങ്കെടുത്ത പ്രവർത്തകനോട് മുഹമ്മദ് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു മർദനമെന്നാണ് പരാതിയിൽ പറയുന്നത്. മുഹമ്മദിന്റെ കാറും ആക്രമികൾ അടിച്ചു തകർത്തിട്ടുണ്ട്.
മുഹമ്മദിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കുറ്റ്യാടി പോലീസ് കേസെടുത്തു. വധശ്രമം, കലാപത്തിന് പ്രേരിപ്പിക്കൽ, നിയമവിരുദ്ധമായ സംഘം ചേരൽ തുടങ്ങി വിവിധ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസ് എടുത്തിട്ടുള്ളത്.