ശ്രീകോവിൽ നട തുറന്നു. ശബരിമല സന്നിധിയിൽ ദർശന സൗഭാഗ്യം തേടിയെത്തിയവർ നിറഞ്ഞ മനസ്സോടെ അയ്യപ്പനെ തൊഴുതു. ഇനി മകരവിളക്കു കഴിഞ്ഞ് നടയടയ്ക്കും വരെ ശരണമന്ത്ര മുഖരിതമാവും അയ്യപ്പസന്നിധി. വെള്ളിയാഴ്ച വൈകിട്ട് നാലിന് നടതുറന്നപ്പോൾ ശരണം വിളികളാൽ സന്നിധാനം നിറഞ്ഞു. തന്ത്രി കണ്ഠര് രാജീവരുടെയും കണ്ഠര് ബ്രഹ്‌മദത്തന്റെയും സാന്നിധ്യത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരിയാണ് നട തുറന്നത്. വെള്ളിയാഴ്ച പൂജകൾ ഉണ്ടായിരുന്നില്ല. പുതിയ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരിയാണ് ശനിയാഴ്ച നട തുറക്കുക.
മാളികപ്പുറം മേൽശാന്തി പി.ജി. മുരളി മാളികപ്പുറത്ത് നട തുറന്നു. പുതിയ മേൽശാന്തി ടി.വാസുദേവൻ നമ്പൂതിരിയാണ് ശനിയാഴ്ച നട തുറക്കുക. പതിനെട്ടാം പടിക്കു താഴെയുള്ള ആഴിയിൽ അഗ്‌നി തെളിച്ചതോടെ പതിനെട്ടാം പടി ഭക്തർക്കായി തുറന്നു കൊടുത്തു. ദേവസ്വം മന്ത്രി വി.എൻ. വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. കെ. അജികുമാർ, സി.ജി. സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിൽ അവസാന വട്ട ക്രമീകരണങ്ങൾ വിലയിരുത്തി.
കേരളത്തിനു പുറമേ തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് , തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഭക്തരെ ഉച്ചയോടെ പമ്പയിൽ നിന്ന് കടത്തിവിട്ടു.
2.25 ന് ആദ്യ സംഘം വലിയ നടപ്പന്തലിലെത്തി. സന്നിധാനത്ത് തന്നെ തങ്ങുന്ന പലരും പുലർച്ചെ നെയ്യഭിഷേകവും നടത്തിയാകും മടങ്ങുക. വെർച്വൽ ക്യൂ വഴി ഒരു ദിവസം 70000 പേർക്കാണ് ദർശനം അനുവദിക്കുക. 10,000 പേർക്ക് സ്‌പോട്ട് ബുക്കിങ് വഴിയും ദർശനം ലഭിക്കും. ഈ വർഷത്തെ തീർത്ഥാടനകാലം ഭംഗിയായി പൂർത്തിയാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ദേവസ്വം ബോർഡും സർക്കാരുംപൂർത്തിയാക്കിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പൂർണ്ണമായും നവീകരിച്ച സന്നിധാനത്തെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ശബരി ഗസ്റ്റ് ഹൗസിന്റെയും പമ്പയിലെ വിഗ്നേശ്വര ഗസ്റ്റ് ഹൗസിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തവണ വിപുലവും വിശാലവുമായ സാഹചര്യങ്ങൾ ദേവസ്വം ബോർഡും സർക്കാരും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നിലയ്ക്കലിൽ 8000 വാഹനങ്ങൾക്കുണ്ടായിരുന്ന പാർക്കിംഗ് സൗകര്യം 10,000 ആക്കി വർധിപ്പിച്ചു.
നിലയ്ക്കലിൽ തന്നെ പതിനേഴായിരം ചതുരശ്ര അടി പന്തൽ നിർമ്മിച്ച് 2700 പേർക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കി. നിലയ്ക്കലും പമ്പയിലും സന്നിധാനത്തും കിടത്തി ചികിത്സാ സൗകര്യങ്ങളോടുള്ള ആശുപത്രി പ്രവർത്തിച്ചുതുടങ്ങി. ഭക്തജനങ്ങൾക്ക് വെള്ളം, ലഘുഭക്ഷണം എന്നിവ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മരക്കൂട്ടത്ത് നിന്ന് കയറുമ്പോൾ വിശ്രമിക്കാനായി ആയിരം പേർക്കുള്ള സ്റ്റീൽ കസേര തയ്യാറാക്കുന്നുണ്ട്. കാനനപാതയിൽ 132 കേന്ദ്രങ്ങളിൽ വിശ്രമിക്കാനും കുടിവെള്ളം നൽകാനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ശബരിമല ഗസ്റ്റ് ഹൗസ് 54 മുറികളുടെ ആധുനിക സൗകര്യങ്ങളുമായാണ് പുനരുദ്ധരിച്ചിട്ടുള്ളത്.
സന്നിധാനത്ത് പരമാവധി ഭക്തർക്ക് വെയിലും മഴയും കൊള്ളാതെ നിൽക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 40 ലക്ഷം അരവണ ടിന്നുകൾ ബഫർ സ്റ്റോക്ക് ആക്കി സൂക്ഷിക്കാനും ദേവസ്വം ബോർഡ് ഇത്തവണ ശ്രദ്ധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. അഡ്വ.പ്രമോദ് നാരായണൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ.കെ. യു ജനീഷ് കുമാർ എംഎൽഎ,ദേവസ്വംബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വംബോർഡ് അംഗങ്ങളായ അഡ്വ.കെ.അജികുമാർ, സി.ജി.സുന്ദരേശൻ, എക്‌സിക്യൂട്ടീവ് ഓഫീസർ ബി.മുരാരി ബാബു, ദേവസ്വം കമ്മീഷണർ വി.പ്രകാശ്, ദേവസ്വം ബോർഡ് ചീഫ് എൻജിനിയർ രഞ്ജിത് കെ.ശേഖർ എന്നിവർ പ്രസംഗിച്ചു.
CONTENT HIGHLIGHTS; Sabarimala road opened; Mandala period begins; All preparations are complete – Devaswom Minister