Oman

54ാം ദേശീയദിന ആഘോഷത്തിനായി ഒരുങ്ങി ഒമാൻ

മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിൻറെ ജന്മദിനമാണ് ഒമാൻ ദേശീയ ദിനമായി കൊണ്ടാടുന്നത്

ദേശീയദിന ആഘോഷത്തിനായി ഒമാൻ ഒരുങ്ങുന്നു. രാജ്യത്തിന്റെ തെരുവീഥികളിൽ കൊടിതോരണങ്ങൾ കൊണ്ടുള്ള അലങ്കാരങ്ങൾക്ക് തുടക്കമായിട്ടുണ്ട്. ഫലസ്തീൻ യുദ്ധ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷത്തെ ആഘോഷ പരിപാടികൾക്ക് പൊലിമ കുറവായിരുന്നു. സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ കാർമികത്വത്തിൽ നടന്ന സൈനിക പരേഡിലും പതാക ഉയർത്തലിലും ഔദ്യോഗിക ആഘോഷ പരിപടികൾ ഒതുങ്ങി.

മുൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിൻറെ ജന്മദിനമാണ് ഒമാൻ ദേശീയ ദിനമായി കൊണ്ടാടുന്നത്. നവംബർ 18 ന് നടക്കുന്ന ദേശീയ ദിനത്തിൻറെ ഭാഗാമയി നാടും നഗരവും കൊടി തോരണങ്ങൾ കൊണ്ട് അലങ്കരിക്കൽ സാധാരണമാണ്. ഒമാനിലെ എല്ലാ ഗ്രാമങ്ങളും നഗരങ്ങളും അലങ്കാരിക്കുന്നതോടെ രാജ്യം ഉത്സവ അന്തരീക്ഷത്തിലേക്ക് നീങ്ങും.

കുട്ടികൾ വെള്ളയും ചുവപ്പും പച്ചയും നിറഞ്ഞ വസ്ത്രങ്ങളിഞ്ഞ് സന്തോഷം പങ്കുവെക്കും. വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡ് നടക്കും. ഒമാൻ ഭരണാധികാരി ഹൈതം ബിൻ താരിഖാണ് പരേഡിൽ സല്യൂട്ട് സ്വീകരിക്കുക. മുൻ കാലങ്ങളിൽ രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ വെടിക്കെട്ടും നടന്നിരുന്നു. എന്നാൽ, 2022ൽ ഇതിനുപകരം ലേസർ ഷോകളാണ് നടത്തിയിരുന്നത്. നിസ്‌വ അടക്കമുള്ള നഗരങ്ങളിൽ സ്വദേശികളുടെ നൃത്തം പോലുള്ള കലാപരിപാടികളും അരങ്ങേറും.

ദേശീയ ദിനത്തിൻറെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കൽ സാധാരണമാണ്. പഴയ ഭരണാധികാരി സുൽത്താൻ ഖാബൂസിൻറെയും പുതിയ ഭരണാധികാരി സുൽത്താൻ ഹൈതമിൻറെറയും ചിത്രങ്ങളും രാജ്യത്തിൻറെ ദേശീയ പതാകയും ദേശീയ ചിഹ്‌നങ്ങളും കൊണ്ടാണ് വാഹനങ്ങൾ അലങ്കരിക്കുന്നത്. ദേശീയ ദിനത്തിൻറെ ഭാഗമായി നിരവധി അലങ്കാര വസ്തുക്കൾ വിപണിയിൽ എത്തിയിട്ടുണ്ട്.