മൂന്നാറിൽ നിന്ന് 44 കിലോമീറ്റർ മാത്രം അകലെയുള്ള കാർഷിക ഗ്രാമമാണ് വട്ടവട. സീസൺ സമയങ്ങളിൽ മൂന്നാറിനേക്കാൾ തണുപ്പ് അനുഭവപ്പെടുന്ന ഭൂപ്രദേശം. മൂന്നാറിൽ നിന്ന് വട്ടവടയിലേക്കുള്ള യാത്ര തന്നെ മനം മയക്കുന്നതാണ്. മൂന്നാറിലെ തേയിലത്തോട്ടങ്ങൾക്ക് നടവിലൂടെ കോടമഞ്ഞ് ആസ്വദിച്ച് പൈൻമരങ്ങളോട് ചേർന്നുള്ള റോഡിലൂടെയാണ് വട്ടവട യാത്ര.
തട്ടുതട്ടുകളായി പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നതാണ് വടവട്ടയിലെ വിദൂരക്കാഴ്ച മനോഹരമാണ്. തമിഴും മലയാളവുമാണ് ഭാഷയെങ്കിലും തമിഴ്നാടിനോട് ചേർന്ന പ്രദേശമായതിനാൽ ഭൂരിഭാഗമാളുകളും തമിഴ് ഭാഷയാണ് ഉപയോഗിക്കുന്നത്. കാർഷിക ഗ്രാമമായതിനാൽ തന്നെ കൃഷി ഉപജീവനമാക്കിയ സാധാരണക്കാരാണ് വട്ടവട എന്ന ഈ സ്വർഗീയ ഭൂമിയിലുള്ളത്. ആപ്പിൾ, ഓറഞ്ച്, സ്ട്രോബറി, നെല്ലിക്ക, പഴങ്ങൾ, പാഷൻ ഫ്രൂട്ട്സ് എന്നിവയാണ് വട്ടവടയിൽ അധികമായി കൃഷി ചെയ്യുന്നത്.
ഡിസംബർ, ജനുവരി മാസങ്ങളിലാണ് വട്ടവടയിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്ന സമയം. സമുദ്ര നിരപ്പിൽ നിന്ന് 6000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശമായതിനാൽ തന്നെ തണുപ്പിന് ഒരു കുറവും ഉണ്ടാകില്ല. വട്ടവടയിലേക്കുള്ള യാത്രയ്ക്കൊരുങ്ങുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
തമിഴ്നാട്ടിലെ ഡിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാലിൻ്റെ അതിർത്തിലാണ് ഈ ഭാഗം. മൂന്നാറിൽ നിന്ന് വടവട്ടയിലേക്കുള്ള യാത്ര വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പാമ്പാടും ഷോള നാഷണൽ പാർക്കിനുള്ളിലൂടെയാണ്. ആറുമണിക്ക് മുൻപ് ചെക്ക് പോസ്റ്റിൽ എത്തണം. ഇവിടെ വാഹനത്തിൻ്റെ നമ്പരും വിവരങ്ങളും നൽകണം. ചെക്ക് പോസ്റ്റ് കടന്നാൽ അഞ്ച് കിലോ മീറ്റർ ദൂരം വനത്തിലൂടെയാണ് യാത്ര. ഈ ഭാഗത്ത് വാഹനങ്ങൾ നിർത്താനോ വീഡിയോ പകർത്താനോ ഫോട്ടോ എടുക്കാനോ പാടില്ല. ചെക്കുപോസ്റ്റിൽ നിന്ന് ഈ വിവരങ്ങൾ ലഭിക്കും. കാട്ടുപോത്ത് ഉൾപ്പെടെയുള്ള മൃഗങ്ങൾ റോഡിൽ ഉണ്ടാകും. അതിനാൽ ശ്രദ്ധിച്ചാകണം യാത്ര.