പ്രകൃതി സ്‌നേഹിയായ സഞ്ചാരികൾ കണ്ടിരിക്കേണ്ട ഒരു സ്ഥലം ഇന്ത്യയിലുണ്ട്. കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാനിലെ ചിഡിയ തപു എന്ന ബീച്ച്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പക്ഷികളുടെ പറുദീസയായ ഈ പ്രദേശം ഇന്ത്യയിലെയും വിദേശത്തെയും പക്ഷി നിരീക്ഷകരുടേയും പ്രകൃതി സ്‌നേഹികളുടെയും സ്വപ്‌ന ഡെസ്റ്റിനേഷനുകളിലൊന്നണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിന്റെ തലസ്ഥാനമായ പോര്‍ട്ട്‌ബ്ലെയറില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെയാണ് ചിഡിയ തപു സ്ഥിതി ചെയ്യുന്നത്. കരമാര്‍ഗം തന്നെ ഇവിടേക്ക് എത്താനാകും. ആന്‍ഡമാന്‍ കാണാനായി എത്തുന്ന മിക്കവാറും സഞ്ചാരികളും ചിഡിയ തപു ബീച്ചില്‍ എത്താറുണ്ട്.
പലപ്പോഴും ഇവര്‍ അതിമനോഹരമായ ഈ ബീച്ച് മാത്രം കണ്ട് മടങ്ങാറാണ് പതിവ്. എന്നാല്‍ ഉള്ളിലേക്ക് കടന്ന് അവിടുത്തെ ചെറിയ വനപ്രദേശങ്ങളിലേക്ക് എത്തുമ്പോഴാണ് ഈ പ്രദേശത്തിന്റെ യഥാര്‍ഥ സൗന്ദര്യം മനസ്സിലാവുക. ഇടതൂര്‍ന്ന് നില്‍ക്കുന്ന കണ്ടല്‍ക്കാടുകളാണ് ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്ന്. ഈ കാടുകളിലാണ് ദ്വീപിലെ പക്ഷിസമ്പത്തുള്ളത്. പ്രകൃതിയൊരുക്കിയ പക്ഷിസ്വര്‍ഗമാണ് ഇവിടെ കാത്തിരിക്കുന്നത്. അപൂര്‍വവും മനോഹരവുമായ നിരവധി പക്ഷികള്‍ സഞ്ചാരികള്‍ക്ക് മുന്നിലൂടെ പാറിപ്പറക്കും.
പക്ഷികളൊരുക്കുന്ന സംഗീതവും യാത്രയെ വേറിട്ട അനുഭവമാക്കി മാറ്റും.വന്‍കരകള്‍ താണ്ടിയെത്തുന്ന ദേശാടനപ്പക്ഷികളെയും ചിഡിയ തപുവില്‍ കാണാം. ആന്‍ഡമാന്‍ മരംകൊത്തി, ആന്‍ഡമാന്‍ ഡ്രോണ്‍ഗോ, വെള്ള കടല്‍ കഴുകന്‍, ആന്‍ഡമാന്‍ ഗ്രീന്‍ പീജിയണ്‍ തുടങ്ങി അപൂര്‍വ പക്ഷികളുടെ ഒരു നിരതന്നെ ഇവിടെയുണ്ട്. പക്ഷികള്‍ക്ക് പുറമെ മുതലകളെയും ഭീമന്‍ ഉടുമ്പുകളെയും ഈ ബീച്ചില്‍ കാണാം. ദ്വീപിലെ കാടുകളിലൂടെ നടത്തുന്ന ഒരു ട്രക്കിങില്‍ വിസ്മയിപ്പിക്കുന്ന ഇത്തരം പല കാഴ്ചകളും സഞ്ചാരികള്‍ക്ക് മുന്‍പിലെത്തും. ചിഡിയ തപുവിലെ സൂര്യാസ്തമയവും പ്രശസ്തമാണ്. ബീച്ചിലൂടെ നടന്ന് സൂര്യാസ്തമയ കാഴ്ച കാണാം.
STORY HIGHLLIGHTS: chidiya-tapu-andaman-travel-destination-wild-life