Travel

തമ്പുരാന്‍ പാറ; അനന്തപുരിയിലൊരു സ്വര്‍ഗം! | thiruvananthapuram-tourist-spot-thampuran-para

എത്ര ഉയരത്തില്‍ എത്തുന്നോ അത്രയും മനോഹരമായ കാഴ്ചകളാകും സഞ്ചാരികള്‍ക്കായി പ്രകൃതി കരുതി വെയ്ക്കുക. അധികം പ്രശസ്തമല്ലാത്ത സ്ഥലങ്ങളാണെങ്കില്‍ സുന്ദര കാഴ്ചകള്‍ക്കൊപ്പം അല്‍പ്പം സമാധാനവും കിട്ടിയേക്കാം. അത്തരത്തില്‍ ഒരു സ്ഥലമാണ് തിരുവനന്തപുരം ജില്ലയിലെ വെമ്പായത്തിന് സമീപത്തുള്ള തമ്പുരാന്‍ പാറ. അല്‍പ്പം ട്രക്കിംഗും ആയാസകരമായ നടത്തവും ഇഷ്ടപ്പെടുന്നവര്‍ക്ക് ധൈര്യമായി തമ്പുരാന്‍ പാറയിലേയ്ക്ക് പോകാം. ചെങ്കുത്തായ കുന്ന് കടന്ന്, പടികള്‍ കയറി ചെല്ലുമ്പോള്‍ കാഴ്ചയുടെ സ്വര്‍ഗം തന്നെയാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്. തണുത്ത കാറ്റും ശുദ്ധ വായുവും ക്ഷീണമകറ്റും. കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചകളാല്‍ ചുറ്റപ്പെട്ട ഇടമാണ് തമ്പുരാന്‍ പാറ.

തിരുവനന്തപുരം നഗരത്തില്‍ നിന്നും 20 കീലോ മീറ്റര്‍ ദൂരത്താണ് വെമ്പായം. ഇവിടെ നിന്ന് മൂന്നാനക്കുഴിയിലേക്ക് പോകുന്ന വഴിക്കാണ് തമ്പുരാന്‍- തമ്പുരാട്ടിപ്പാറ സ്ഥിതി ചെയ്യുന്നത്. വെമ്പായം ജംഗ്ഷനില്‍ നിന്ന് അഞ്ച് കിലോ മീറ്റര്‍ സഞ്ചരിച്ചാല്‍ മദപുരത്തെത്തും. തുടര്‍ന്ന് ചെങ്കുത്തായ പ്രദേശത്ത് കൂടി നടന്നു ചെല്ലുമ്പോള്‍ പാറകളുടെ പ്രവേശനകവാടമായി. തിരുമുറ്റംപാറയെന്നും മുത്തിപ്പാറയെന്നും പേരുള്ള ‘അംഗരക്ഷകന്‍മാരെ’ കടന്നുവേണം തമ്പുരാട്ടിപ്പാറയില്‍ എത്താന്‍. കിടക്കുന്ന സ്ത്രീയുടെ ആകൃതിയാണ് തമ്പുരാട്ടിപ്പാറയ്ക്ക്. തമ്പുരാട്ടി പാറയും കടന്നുവേണം തമ്പുരാന്‍ പാറയിലേത്താന്‍. കൂട്ടത്തില്‍ ഏറ്റവും ഉയരമുള്ള പാറയായ തമ്പുരാന്‍ പാറ അംബര ചുംബി കണക്കെ തല ഉയര്‍ത്തി അങ്ങനെ നില്‍ക്കുന്ന കാഴ്ച ഒന്ന് വേറെ തന്നെയാണ്.

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 700 അടിയിലേറെ ഉയരത്തിലാണ് തമ്പുരാന്‍-തമ്പുരാട്ടി പാറകള്‍ സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 17 ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുകയാണ് ഈ പാറകള്‍. കൊടും വേനലിലും വറ്റാത്ത നീരുറവയാണ് ഇവിടുത്തെ മറ്റൊരു സവിശേഷത. നഗരത്തിന്റെ ഏറിയ ഭാഗവും ശംഖുമുഖം കടപ്പുറവും ഇവിടെ നിന്നാല്‍ കാണാം. കാലാകാലങ്ങളായി ഇവിടുത്തുകാര്‍ ആരാധിച്ചു പോരുന്ന ഒരു ഗുഹാക്ഷേത്രവും തമ്പുരാന്‍ പാറയിലുണ്ട്. ശിവരാത്രി നാളില്‍ പൊങ്കാലയും പ്രത്യേക പൂജകളും ഇവിടെ നടത്താറുണ്ട്. സാഹസിക വിനോദത്തിന് അനുയോജ്യമായ ഇവിടേയ്ക്ക് എന്‍സിസിയുടെ ഭാഗമായി പല സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നുമെല്ലാം വിദ്യാര്‍ത്ഥികള്‍ എത്താറുണ്ട്. സഞ്ചാരികള്‍ക്കായി ചവിട്ടുപടികളും സുരക്ഷാവേലികളും വിശ്രമ കേന്ദ്രവുമെല്ലാം വിനോദ സഞ്ചാര വകുപ്പ് ഒരുക്കിയിട്ടുണ്ട്.

STORY HIGHLLIGHTS: thiruvananthapuram-tourist-spot-thampuran-para