ഝാൻസി: ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ വെന്തുമരിച്ചു. നവജാത ശിശുക്കളുടെ തീവ്രചരണ വിഭാഗത്തിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ 40 കുട്ടികളെ രക്ഷപ്പെടുത്തി. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രി പത്തരയോടുകൂടിയാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. സംഭവം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. രണ്ട് ഫയർഫോഴ്സ് സംഘമെത്തിയാണ് തീയണച്ചത്.