Kerala

സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തു മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ബാധിച്ച് മരിച്ചവരുടെ എണ്ണം വൻ‍തോതിൽ വർധിച്ചു. കഴിഞ്ഞവർഷം 6424 പേർക്കാണു മഞ്ഞപ്പിത്തം ബാധിച്ചതെങ്കിൽ ഈ വർഷം ഇതുവരെ 24,324 പേർ രോഗബാധിതരായി. നാലുമടങ്ങാണു വർധന. കഴിഞ്ഞവർഷം 14 പേർ മരിച്ചെങ്കിൽ ഈ വർഷം 82 മരണമായെന്നാണ് ഔദ്യോഗിക കണക്ക്. വർധന ആറുമടങ്ങ്.

രോഗബാധിതരുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയാൽ യഥാർഥ കണക്ക് ഇതിലുമുയരുമെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു. 1136 പേർക്കു മഞ്ഞപ്പിത്തം ബാധിക്കുകയും 5 മരണമുണ്ടാകുകയും ചെയ്ത 2022ലെ കണക്കുമായി താരതമ്യം ചെയ്താൽ 3 വർഷംകൊണ്ടു രോഗികളുടെ എണ്ണം 20 മടങ്ങിലേറെയാണു വർധിച്ചത്.

3 മാസത്തിനിടെയാണു രോഗബാധിതരുടെയും മരിച്ചവരുടെയും എണ്ണം കുതിച്ചുയർന്നത്. സംസ്ഥാനത്തു ദിവസം പത്തിലേറെപ്പേർക്കു രോഗം സ്ഥിരീകരിക്കുന്നു. രോഗം ബാധിക്കുന്നവരിലേറെയും ചെറുപ്പക്കാരാണെന്ന് ഡോക്ടർമാർ പറഞ്ഞു. മലപ്പുറം ജില്ലയിലാണു രോഗം ആദ്യം പടർന്നതെങ്കിലും പിന്നീടു മറ്റു ജില്ലകളിലും വ്യാപനമുണ്ടായി. മുൻപു ഗ്രാമങ്ങളിലാണു കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഈ വർഷം നഗരങ്ങളിലും പടർന്നു.

മഞ്ഞപ്പിത്തത്തിനു പിന്നാലെ ജലജന്യരോഗങ്ങളായ ടൈഫോയ്ഡ്, കോളറ, വയറിളക്കം എന്നിവയും കൂടും. ഇതിൽ ടൈഫോയ്ഡ് ചെറിയ തോതിൽ ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ജലാശയങ്ങളും ജലവിതരണ സംവിധാനങ്ങളും അണുവിമുക്തമല്ലെന്നാണു രോഗവ്യാപനം വ്യക്തമാക്കുന്നതെന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലെ കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. എ.അൽത്താഫ് പറഞ്ഞു. കുളങ്ങളും തോടുകളും ശുചീകരിക്കാത്തതും ജലസ്രോതസ്സുകളിൽ മാലിന്യം തള്ളുന്നതുമാണു ജലജന്യരോഗങ്ങൾ വ്യാപകമാകാൻ കാരണം. മാലിന്യം തള്ളുന്നതിനെതിരെ തദ്ദേശവകുപ്പ് നടപടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്നാണു വിലയിരുത്തൽ. ജലവിതരണ ടാങ്ക‌റുകളും ഐസ് ഫാക്ടറികളും ബാരലുകളിൽ വിതരണം ചെയ്യുന്ന വെള്ളവും പരിശോധിക്കുന്നില്ല. വെള്ളം 5 മിനിറ്റെങ്കിലും മിനിറ്റെങ്കിലും തിളപ്പിച്ച ശേഷമേ കുടിക്കാവൂ എന്നാണ് ആരോഗ്യ ഡയറക്ടറേറ്റിന്റെ മുന്നറിയിപ്പ്.

എങ്ങനെയൊക്കെ പകരും ?

മഞ്ഞപ്പിത്തത്തിന് മുഴകൾ, പിത്താശയക്കല്ല്, മലേറിയ തുടങ്ങി പല കാരണങ്ങളുണ്ടെങ്കിലും ജലം മലിനമാവുന്നതിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ് ആണ് പ്രധാന രോഗകാരി. രോഗികളുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസ് നേരിട്ടോ, വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ മറ്റൊരാളുടെ അകത്തെത്തുമ്പോഴാണ് രോഗം ഉണ്ടാവുന്നത്. ഏറ്റവുമധികം മലിനമാകാൻ സാധ്യതയുള്ളത് വെള്ളംതന്നെ. അതുവഴി ഭക്ഷണവും മലിനമാവും. രോഗികൾ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കുകവഴിയും പകരാം.

​‌രോ​ഗത്തെ പ്രതിരോധിക്കാനുള്ള ഏകമാർ​ഗം നന്നായി തിളപ്പിച്ച വെള്ളംമാത്രം കുടിക്കുക എന്നതാണ്. പുറത്തുനിന്ന് വെള്ളം കുടിക്കാതിരിക്കുകയാണ് ബുദ്ധി. വർഷകാലത്ത് എല്ലാ ജലസ്രോതസ്സുകളും മലിനമാവാനിടയുണ്ട്. 60 ഡിഗ്രി ചൂടിൽ ഒരു മിനിറ്റ് തിളച്ചാൽത്തന്നെ വൈറസുകൾ നശിക്കും. അതിനുശേഷം ആറ്റി ഉപയോഗിക്കാം.

മഞ്ഞപിത്തത്തിന്റെ ലക്ഷണങ്ങൾ

ചെറിയ പനിയാണ് തുടക്കം. നല്ല ക്ഷീണം . തലവേദനയും മനംപിരട്ടലും ഛർദ്ദി. മൂത്രത്തിനും മലത്തിനും നിറവ്യത്യാസം. അഞ്ചുദിവസം കഴിഞ്ഞാലേ ശരീരത്തിൽ മഞ്ഞനിറം കാണൂ. അപ്പോൾ മാത്രമേ ഇത് മഞ്ഞപ്പിത്തമാണെന്ന് ആളുകൾ തിരിച്ചറിയൂ. പിത്തരസ നിർമാണത്തിന്റേയും വിതരണത്തിന്റേയും തകരാറുമൂലമാണ് ഈ മഞ്ഞനിറം വരുന്നത്.