കൊച്ചി: വയനാട് ദുരന്തം ദുരിതാശ്വാസ നിയമപ്രകാരം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്നത് ഉൾപ്പെടെയുള്ള ആവശ്യത്തിൽ ഈ മാസംതന്നെ തീരുമാനമെടുക്കണമെന്നു ഹൈക്കോടതി കേന്ദ്രസർക്കാരിനു നിർദേശം നൽകി. പുനരധിവാസം ഉൾപ്പെടെ പൂർത്തിയാക്കേണ്ടതുണ്ടെന്നും ദുരന്തബാധിതരുടെ വായ്പകൾ എഴുതിത്തള്ളുന്നതു പോലുള്ള കാര്യങ്ങൾ അറിയണമെങ്കിൽ ദുരന്തം ഏതു വിഭാഗത്തിലാണ് ഉൾപ്പെടുത്തുന്നത് എന്ന് വ്യക്തമാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കെ.ജയകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച്.
അതിതീവ്ര ദുരന്തമേഖലയായി പ്രഖ്യാപിക്കേണ്ട ഉന്നതാധികാര സമിതി യോഗം ഇതുവരെ കൂടിയിട്ടില്ലെന്നും എത്രയും വേഗം ചേർന്ന് ഈ മാസം തന്നെ തീരുമാനം അറിയിക്കുമെന്നും കേന്ദ്രത്തിനായി ഹാജരായ അഡിഷനൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ.സുന്ദരേശൻ വിശദീകരണം നൽകി. സംസ്ഥാന ദുരിത പ്രതികരണനിധിയിൽ ആവശ്യത്തിന് തുകയുണ്ട് എന്ന നിലപാട് കേന്ദ്രം ആവർത്തിച്ചു.
ചൂരൽമല-മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വിശദീകരണം അഡ്വക്കറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് കോടതിയുടെ ശ്രദ്ധയിൽപെടുത്തി. എന്നാൽ, സഹായം നൽനൽകില്ലെന്നു പറയുന്നില്ലെന്നു കത്ത് പരിശോധിച്ചു കോടതി അഭിപ്രായപ്പെട്ടു. ഉറപ്പ് പറയുന്നില്ലെന്ന് എജി ചൂണ്ടിക്കാട്ടി. അതൊക്കെ ഓരോ കാഴ്ചപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്നു കോടതി പറഞ്ഞു.
ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകണമെന്നും കോടതി നിർദേശം നൽകി. ദേശീയപാത അതോറിറ്റിയുടെ കാര്യത്തിൽ പ്രത്യേക ദുരന്തബാധിത ഫണ്ട് വേണമെന്ന അമിക്കസ് ക്യൂറി രഞ്ജിത് തമ്പാന്റെ നിർദേശത്തിൽ നിലപാട് അറിയിക്കാനും കേന്ദ്രസർക്കാരിനു നിർദേശം നൽകിയിട്ടുണ്ട്.