ഗാസ: ഇസ്രയേൽ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 28 പലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടതായും 120 പേർക്കു പരുക്കേറ്റതായും ആരോഗ്യവിഭാഗം അറിയിച്ചു. ഒക്ടോബർ 7 മുതലുള്ള ആക്രമണങ്ങളിൽ 43,764 പേരാണു കൊല്ലപ്പെട്ടത്. ബെയ്ത്ത് ലഹിയയിൽ 3 ഇസ്രയേൽ സൈനികരെ കൊലപ്പെടുത്തിയതായി ഹമാസിന്റെ സായുധവിഭാഗം അവകാശപ്പെട്ടു. ഇസ്രയേൽ ഇതു സ്ഥിരീകരിച്ചിട്ടില്ല, ഇതേസമയം, ദെയ്റൽ ബലാഹിലെ സംഭരണകേന്ദ്രത്തിലേക്ക് അവശ്യ സാധനങ്ങളുമായി പോയ ട്രക്കുകൾക്കു നേരെ ആക്രമണമുണ്ടായി.
ബെയ്റൂട്ടിലെ ഹിസ്ബുല്ല നിയന്ത്രിതമേഖലകളിൽ രൂക്ഷമായ ആക്രമണം തുടർന്നു. കിഴക്കൻ ലബനനിലെ സിവിൽ ഡിഫൻസ് കേന്ദ്രത്തിൽ വ്യാഴാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ബാൽബെക് പ്രവിശ്യയിലെ ദൗരിസിലെ അടിയന്തര ദൗത്യസംഘാംഗങ്ങളാണ് കൊല്ലപ്പെട്ടത്. യുദ്ധത്തിൽ പരുക്കേറ്റവർക്കു വൈദ്യസഹായം എത്തിക്കുന്ന സിവിൽ ഡിഫൻസ് സേനയ്ക്കു ഹിസ്ബുല്ലയടക്കമുള്ള സംഘടനകളുമായി ബന്ധമില്ല. ദക്ഷിണ ലബനനിലെ അറബ്സാലിം അറബ്സാലിം ഗ്രാമത്തിൽ ആരോഗ്യകേന്ദ്രത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടു. സിറിയയിലെ ഡമാസ്കസിലും പരിസരത്തും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു.