ദിവസം മുഴുവന്‍ ഇരുന്നുള്ള ജോലി ആരോഗ്യത്തിന് അങ്ങേയറ്റം ദോഷകരമാണെന്ന് പലർക്കും അറിയാം. എന്നാല്‍ പലപ്പോഴും ഇതത്ര ഗൗരവത്തോടെ എടുക്കാറില്ല. എന്നാല്‍ മണിക്കൂറുകള്‍ ഇരുന്നു ജോലി ചെയ്യുന്നവരെ കാത്തിരിക്കുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളാണ്. ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യുമ്പോള്‍ ശരീരത്തില്‍ ഫാറ്റ് ധാരാളം അടിയും. ഇത് ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടാക്കിയേക്കാം. ക്രമേണ ഹൃദ്രോഗം തലപൊക്കും. ശരീരം അനങ്ങിയുള്ള ജോലികളിൽ ഏര്‍പ്പെടാത്തവരെ പ്രമേഹം എളുപ്പം പിടികൂടും. അപ്പോള്‍പ്പിന്നെ മണിക്കൂറുകള്‍ ഒരേയിരിപ്പ് ഇരിക്കുന്നവരുടെ കാര്യം പറയണോ.
ദീര്‍ഘനേരത്തെ ഇരിപ്പ് മൂലം കാലുകളിലെ ഞരമ്പുകള്‍ക്ക് പ്രഷര്‍ അധികമാകും. ഇതാണ് വെരിക്കോസ് വെയിന്‍ ഉണ്ടാകാനുള്ള കാരണം. ശരീരവേദന ദീര്‍ഘനേരത്തെ ഇരിപ്പു മൂലം ലഭിക്കുന്നതാണ്. കഴുത്ത്, ഇടുപ്പ്, പുറം എന്നീ ഭാഗങ്ങളില്‍ കഠിനമായ വേദനയായാണ് ഇതിന്റെ തുടക്കം. കലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടത്തിയ ഒരു ഗവേഷണത്തില്‍ ദീര്‍ഘനേരത്തെ ഈ ഇരിപ്പു കൊണ്ട് തലച്ചോറിനു വരെ ദോഷമുണ്ടാകാം എന്നു കണ്ടെത്തിയിരുന്നു. തലച്ചോറിലെ ചില കോശങ്ങളെ ഇതു ദോഷകരമായി ബാധിക്കാം. ഫാറ്റ് ധാരാളം അടിയുന്നതോടെ ഭാരം കൂടുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതശൈലി തന്നെയാണല്ലോ ഭാരം കൂടാനുള്ള പ്രധാനകാരണം.
ദിവസേനെ മുടങ്ങാതെ വ്യായാമം ചെയ്യുക. തുടര്‍ച്ചയായുള്ള ഇരുപ്പിന് ശേഷം അല്പനേരം നടക്കുക, ഇരുന്നുകൊണ്ടുള്ള വ്യായാമങ്ങള്‍ ചെയ്യുക, കായികാധ്വാനം ചെയ്യുക, കൊഴുപ്പടങ്ങിയ ഭക്ഷണം നിയന്ത്രിക്കുക തുടങ്ങിയവയാണ് പ്രായോഗികമാക്കാവുന്ന വഴികള്‍.