Kerala

വൃശ്ചിക പുലരിയില്‍ ദര്‍ശന പുണ്യം നുകര്‍ന്ന് പതിനായിരങ്ങള്‍: വിര്‍ച്വല്‍ ക്യൂ തീര്‍ത്ഥാടനം സുഗമമാക്കി; അപ്പവും അരവണയും ആവശ്യത്തിന് കരുതല്‍ ശേഖരത്തില്‍; അറിയാം ഇന്നത്തെ ക്ഷേത്ര പൂജാ സമയം ?

പുതിയതായി ചുമതലയേറ്റ ശബരിമല മേല്‍ശാന്തി അരുണ്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നട തുറന്നതോടെ അയ്യപ്പനെ തൊഴാനെത്തിയ ഭക്തര്‍ക്ക് വൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ ദര്‍ശന പുണ്യം. പുലര്‍ച്ചെ മൂന്നു മണിക്ക് തുറന്ന നട ഉച്ചയ്ക്ക് ഒരു മണിക്ക് അടച്ചു. തുടര്‍ന്ന് മുന്നു മണിക്ക് വീണ്ടും തുറന്നു. രാത്രി 11 മണിക്ക് അടക്കുകയും ചെയ്യും. രാവിലെ തന്നെ ദര്‍ശനത്തിനെത്തിയ തീര്‍ഥാടകരുടെ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിലായിരുന്നു നടതുറന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ. അജികുമാര്‍, ജി. സുന്ദരേശന്‍ തുടങ്ങിയവരും രാവിലെ ദര്‍ശനത്തിന് എത്തിയിരുന്നു.

ശബരിമലയിലെ പൂജാ സമയങ്ങള്‍ ഇങ്ങനെ

  • നെയ്യഭിഷേകം- രാവിലെ 3.30 മുതല്‍
  • ഉഷഃപൂജ- രാവിലെ 7.30
  • ഉച്ചപൂജ- 12.30
  • ദീപാരാധന-വൈകിട്ട് 6.30
  • അത്താഴപൂജ-രാത്രി 9.30
  • രാത്രി 11 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും

വിര്‍ച്വല്‍ ക്യൂ തീര്‍ത്ഥാടനം സുഗമമാക്കി

വിര്‍ച്വല്‍ ക്യൂ സംവിധാനം വഴി ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആദ്യ ദിനത്തില്‍ സുഗമമായ ദര്‍ശനം സാധ്യമായതായി ദേവസ്വം മന്ത്രി പറഞ്ഞു. 30,000 പേരാണ് നടതുറന്ന വെള്ളിയാഴ്ച ദര്‍ശനത്തിനായി വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരുന്നത്. ഇതില്‍ 26,942 പേര്‍ ദര്‍ശനം നടത്തി. സ്പോട്ട് ബുക്കിങ് വഴി 1872 ഭക്തരും എത്തി. വി.ഐ.പി.കള്‍ ഉള്‍പ്പെടെ ആകെ 30,687 ഭക്തരാണ് വെള്ളിയാഴ്ച വൈകിട്ട് നടതുറന്ന ശേഷം നട അടക്കന്നത് വരെ ദര്‍ശനത്തിനെത്തിയത്. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നിധാനത്തെ വിവിധ വകുപ്പു മേധാവിമാരുടെ അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

തീര്‍ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് ഒരു കുറവുമുണ്ടാകാത്ത രീതിയില്‍ ശബരിമലയിലെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. സുഗമമായ തീര്‍ഥാടനമാണ് ലക്ഷ്യമിടുന്നത്. 70,000 പേര്‍ക്കാണ് വിര്‍ച്വല്‍ ക്യൂ വഴി ഒരു ദിവസം ദര്‍ശനം അനുവദിക്കുന്നത്. വിര്‍ച്വല്‍ ക്യൂവിന്റെ എണ്ണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ വരും ദിവസങ്ങളിലെ സ്ഥിതിഗതികള്‍ കൂടി വിലയിരുത്തിയ ശേഷമേ തീരുമാനമെടുക്കൂ എന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ചയും സുഗമമായ രീതിയില്‍ ഭക്തര്‍ക്ക് ദര്‍ശനം നടത്താനായത് ശബരിമല തീര്‍ത്ഥാടകര്‍ക്കായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്നൊരുക്കിയ മുന്നൊരുക്കങ്ങള്‍ ഫലപ്രദമായി എന്നതിന്റെ തെളിവാണ്. പോലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒരു മിനിറ്റില്‍ ശരാശരി 80 ഭക്തരെ വരെ പതിനെട്ടാംപടി കയറ്റാനായതായും മന്ത്രി പറഞ്ഞു. ഇത് വലിയ നടപ്പന്തലില്‍ ഭക്തര്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം കുറച്ചു.

അപ്പവും അരവണയും ആവശ്യത്തിന് കരുതല്‍ ശേഖരത്തില്‍

പുതിയ പശ്ചാത്തലത്തിലുള്ള തീര്‍ഥാടന കാലത്തെ വര്‍ഷങ്ങളായി ഇവിടെയെത്തുന്നവരടക്കമുള്ള ഭക്തര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. അപ്പം, അരവണ പ്രസാദ വിതരണത്തില്‍ ഇത്തവണ ഒരു തടസ്സവുമുണ്ടാകില്ല. 40 ലക്ഷം ടിന്‍ അരവണ ബഫര്‍ സ്റ്റോക്കായി കരുതിയിട്ടുണ്ട്. യാത്രാ സൗകര്യത്തിന് കെ.എസ്.ആര്‍.ടി.സി. വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെറിയ വാഹനങ്ങള്‍ക്ക് പമ്പയില്‍ കഴിയുന്നത്ര പാര്‍ക്കിങ് സൗകര്യം ഒരുക്കും. വെള്ളിയാഴ്ചയെത്തിയ മുഴുവന്‍ ചെറു വാഹനങ്ങളും പമ്പയിലാണ് പാര്‍ക്ക് ചെയ്തത്.

തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി നിലയ്ക്കലിലും പമ്പയിലും ജര്‍മ്മന്‍ പന്തല്‍

ഭക്തര്‍ക്ക് വിശ്രമിക്കാനായി നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ പന്തല്‍ സജ്ജീകരിച്ചിട്ടുണ്ട്. നിലയ്ക്കലില്‍ രണ്ടായിരം പേര്‍ക്ക് വിശ്രമിക്കാന്‍ സൗകര്യമുള്ള 17,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പന്തലാണൊരുക്കിയിരിക്കുന്നത്. പമ്പയിലെ 20,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലില്‍ ഒരേ സമയം 3000 പേര്‍ക്ക് വിശ്രമിക്കാം. സന്നിധാനത്ത് ഭക്തര്‍ക്ക് വിരിവെക്കാന്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്നവര്‍ക്ക് ചുക്കു വെള്ളം, ബിസ്‌കറ്റ് എന്നിവ നല്‍കും. കാനന പാത വഴി വരുന്നവര്‍ക്ക് വിശ്രമിക്കാനായി 132 കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇവിടങ്ങളിലും കുടിവെള്ളവും ലഘുഭക്ഷണവും നല്‍കും.

ചികിത്സാ സൗകര്യങ്ങളും മികച്ച രീതിയിലൊരുക്കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൂറിലധികം ഡോക്ടര്‍മാരുടെ സന്നദ്ധ സംഘം സര്‍ക്കാരുമായി സഹകരിച്ച് സന്നിധാനത്തെ ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. വിദഗ്ദ ചികിത്സയ്ക്ക് സമീപ സ്ഥലങ്ങളിലെ ജില്ലാ ആശുപത്രികളടക്കമുള്ള ഇടങ്ങള്‍ സജ്ജമാണ്. പമ്പയിലെയും സന്നിധാനത്തെയും ഗസ്റ്റ് ഹൗസുകള്‍ സര്‍ക്കാര്‍ സഹായത്തോടെ നവീകരിച്ചതായും മന്ത്രി പറഞ്ഞു.

CONTENT HIGHLIGHTS;Tens of thousands bask in darshan punya at Scorpio Dawn: Virtual Queue Pilgrimage Facilitated; Bread and bread in sufficient reserve; Do you know today’s temple pooja time?