Kerala

കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖലക്ക് പുനർജന്മം കൊടുത്തത് ഇടത് സർക്കാർ: മുഖ്യമന്ത്രി

2016 ൽ കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖല അന്ന് തകര്‍ന്നു കിടക്കുകയായിരുന്നുവെന്നും വിദ്യാഭ്യാസ മേഖലക്ക് പുനർജന്മം കൊടുത്തത് ഇടത് സർക്കാരാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് ഡോ. സരിന് വേണ്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനവധി സ്കൂളുകള്‍ പൂട്ടി പോയി. പൊതുവിദ്യാഭ്യാസ മേഖലയെ സ്നേഹിക്കുന്നവര്‍ വലിയ മനോവിഷമം നേരിട്ട കാലമായിരുന്നു അത്. അന്നത്തെ എല്‍ഡിഎഫ് വാഗ്ദാനം ജനം സ്വീകരിച്ചു. ജനങ്ങളുടെ വിശ്വാസം നിറവേറുന്നതാണ് പിന്നീട് കണ്ടത്. ഇന്നത്തെ ഇന്ത്യയില്‍ പൊതുവിദ്യാഭ്യാസത്തില്‍ നമ്പര്‍ വൺ കേരളമാണ്.

പറയുന്നത് വെറും വാക്കല്ലെന്നും കേന്ദ്രസര്‍ക്കാറിന്‍റെ നീതി ആയോഗിന്‍റെ ഡാറ്റയാണിതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് അല്ലായിരുന്നെങ്കില്‍ ഇത് സാധ്യമാവുമോ? യുഡിഎഫ് വന്നിരുന്നെങ്കില്‍ ഈ മാറ്റം ഉണ്ടാവുമായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതു കൊണ്ടാണ് മാറ്റം ഉണ്ടായത്. ഉന്നത വിദ്യാഭ്യാസ മേഖലയിലും വലിയ പുരോഗതി ഉണ്ടായി. 2021ല്‍ ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് എല്‍ഡിഎഫ് പറഞ്ഞു. ഇന്ന് കേരള യൂനിവേഴ്സിറ്റി രാജ്യന്തര റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

റാങ്കിങ്ങില്‍ 100 നുള്ളില്‍ വരിക എന്നത് 2016 ന് മുമ്പ് സ്വപ്നം മാത്രമായിരുന്നു. സംസ്ഥാനം നല്ല ശ്രമം നടത്തിയിട്ടാണ് ഇത് നേടിയെടുത്തത്. ഇന്ന് രാജ്യത്തിന് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ പോലും കേരളത്തില്‍ പഠിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.