Kerala

സന്നിധാനത്ത് തീർത്ഥാടക പ്രവാഹം; വെർച്ച്വൽ ക്യൂ ബുക്കിംഗ് വർധിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി

വൃശ്ചിക പുലരിയിൽ ദർശനസായൂജ്യം തേടി സന്നിധാനത്ത് തീർത്ഥാടക പ്രവാഹം. പുലർച്ചെ മൂന്നിന് പുതിയ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി ക്ഷേത്രനട തുറന്നു. തിരക്ക് കണക്കിലെടുത്ത് വെർച്വൽ ക്യൂ ബുക്കിങ് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനം കൈക്കൊള്ളുന്നതെന്ന് ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു.

നട തുറന്ന ആദ്യദിനം ശബരിമല ദർശനം നടത്തിയത് 40000 ത്തോളം തീർത്ഥാടകരാണ്. വൃശ്ചിക പുലരിയിലും വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. ഇന്ന് 70,000 പേരാണ് വെർച്വൽ ക്യൂ വഴി ശബരിമല ദർശനത്തിന് ബുക്ക് ചെയ്തിരിക്കുന്നത്. സ്പോട്ട് ബുക്കിങ്ങിലൂടെ പതിനായിരം പേർ കൂടി എത്തും.

തിരക്ക് മുൻകൂട്ടി കണ്ട് വിപുലമായ മുന്നൊരുക്കമാണ് സർക്കാർ നടപ്പാക്കിയത്. സംവിധാനത്തെ സാഹചര്യം പരിശോധിച്ചു വെർച്വൽ ക്യൂ ബുക്കിംഗ് വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി വിഎന്‍ വാസവൻ പറഞ്ഞു. തീര്‍ത്ഥാടകര്‍ പൂർണ്ണ സംതൃപ്തിയോടെയാണ് മടങ്ങുന്നത് എന്നും മന്ത്രി വ്യക്തമാക്കി.

സന്നിധാനത്തെയും, പമ്പയിലെയും സ്ഥിതിഗതികൾ മന്ത്രി നേരിൽകണ്ട് വിലയിരുത്തി. തീർത്ഥാടകരിൽ നിന്നും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വരും ദിവസങ്ങളിൽ നടപ്പാക്കേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയിൽ സന്നിധാനത്ത് ഉന്നതല അവലോകന യോഗവും ചേർന്നു. ബോർഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത്, എഡിജിപി ശ്രീജിത്ത് ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.