വളരെ എളുപ്പത്തിൽ രുചികരമായി ഗോതമ്പുപൊടി ഉപയോഗിച്ച് പാലപ്പം തയ്യാറാക്കി എടുക്കാം. ഇതിനാവശ്യമായ ചേരുവകൾ രണ്ട് കപ്പ് ഗോതമ്പുപൊടി, ഒരു കപ്പ് തേങ്ങ ചിരകിയത്, കാൽകപ്പ് ചോറ്, ഇൻസ്റ്റന്റ് ഈസ്റ്റ് ഒരു ടീസ്പൂൺ, പഞ്ചസാര ഒരു ടേബിൾ സ്പൂൺ, ആവശ്യത്തിന് ഉപ്പ് എന്നിവയാണ്. ഗോതമ്പുപൊടിയും തേങ്ങ ചിരകിയതും ചോറും ഇളം ചൂടുവെള്ളവും ചേർത്ത് മിക്സിയുടെ ജാറിൽ ഇട്ട് നന്നായി അരച്ചെടുക്കുക. ഈ അരപ്പിലേക്ക് നേരത്തെ മാറ്റിവെച്ചിരിക്കുന്ന പഞ്ചസാര, ഈസ്റ്റ്, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം മാവ് അരമണിക്കൂർ മാറ്റിവെയ്ക്കുക. അരമണിക്കൂറിന് ശേഷം നോക്കിയാൽ അപ്പത്തിനുള്ള മാവ് നന്നായി പൊങ്ങിവന്നിട്ടുണ്ടാകും. ഇത് അപ്പച്ചട്ടിയിൽ ഒഴിച്ച് രുചികരമായ ചൂടുള്ള പാലപ്പം ചുട്ടെടുക്കാം.