Travel

രാത്രി പോകാൻ ആരും ഭയക്കുന്ന സുമതി വളവ് ; കേട്ടുകഥ അല്ലിത് സത്യകഥ

തിരുവനന്തപുരം പാലോടിനടുത്ത് മൈലുംമൂടെന്ന മലയോര ഗ്രാമത്തിൽ  പ്രസിദ്ധമായ ഒരു കൊടുംവളവുണ്ട്. അതാണ് സുമതി വളവ്. പാലോട് നിന്നും കല്ലറയ്ക്ക് പോകുമ്പോൾ പിന്നീടങ്ങോട്ട് റിസർവ് ഫോറസ്റ്റിന്റെ ഭാഗമാണ്. യാത്ര മുന്നോട്ട് പോകുംതോറും കാടിന്റെ വന്യതയും കൂരിരിട്ടും മാത്രം. വീണ്ടും പോകുംതോറും കാടിന്റെ ഭാവം മാറി മാറി വരും. ഈ ഭീതിപ്പെടുത്തുന്ന അന്തരീക്ഷത്തിൽ നിന്ന്   കേട്ടറിഞ്ഞ സുമതിയുടെ കഥകൾ മനസ്സിലേക്ക് ഓടിയെത്തി അറിയാതെ നമ്മളും ഒന്ന് പേടിച്ചു പോകും. നിരവധി കെട്ടുകഥകൾ പ്രചരിക്കുന്നുണ്ടെങ്കിലും എന്തൊക്കെയോ ഒരു ദുരൂഹത ഈ പ്രദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ അനുഭവപ്പെടാത്തവർ വിരളമാണ്.

സുമതി വളവ് എന്ന് ഈ വളവിന് പേര് വരാൻ ഒരു കാരണമുണ്ട്. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവം തന്നെയാണ് ഈ കെട്ടുകഥകൾക്ക് പിന്നിലുള്ളത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന സുന്ദരിയായ  സുമതിയെന്ന യുവതി രത്നാകരൻ എന്ന ചെറുപ്പക്കാരനുമായി പ്രണയത്തിൽ ആകുന്നു. പ്രണയത്തിനൊടുവിൽ സുമതി ഗർഭിണിയായി. ഇതോടെ രത്നാകരന്റെ സ്വഭാവം മാറി, സുമതിയെ കൊലപ്പെടുത്താൻ രത്നാകരൻ തീരുമാനിച്ചു. 1953 ജനുവരി 27ന് പാങ്ങോട് മതിര ദേവി ക്ഷേത്രത്തിലെ ഉത്സവം കാണിക്കാമെന്നു പറഞ്ഞ് കൊണ്ടുപോയി സുമതിയെ ക്രൂരമായി കൊലപ്പെടുത്തി. ‘ഒരിക്കലും ശല്യമാകില്ല ജീവിക്കാൻ വിടു’ എന്ന് അപേക്ഷിച്ചിട്ടും സുമതിയെ കൊല്ലുകയായിരുന്നു. ശേഷം വളവിലെ ഏതോ മരത്തിൽ സുമതിയുടെ ശരീരം ചാരിവെച്ചിട്ട് ഇരുവരും രക്ഷപ്പെട്ടു.  ദിവസങ്ങൾക്ക് ശേഷമാണ് ആദിവാസികൾ  സുമതിയുടെ ശരീരം കണ്ടെത്തി പോലീസിൽ അറിയിക്കുന്നത്. പോലീസ് അന്വേഷണത്തിന് ഒടുവിൽ ആറുമാസങ്ങൾക്ക് ശേഷം രത്നാകരനും കൊലയ്ക്ക് കൂട്ടുനിന്ന സുഹൃത്ത് രവീന്ദ്രനും പോലീസ് പിടിയിലായി.  സത്യകഥ ഇതാണെങ്കിലും ഈ സംഭവത്തിന് ശേഷം സുമതിയുടെ ആത്മാവ് ഈ വളവിൽ  ഉണ്ടെന്ന് ആരോ പറഞ്ഞു പ്രചരിപ്പിച്ചു. അതോടെ ഇവിടം സുമതി വളവ് ആവുകയും എല്ലാവരുടെയും പേടി സ്വപ്നങ്ങളിൽ ഇടം പിടിക്കുകയും ചെയ്തു. മെെലമൂട്ടിലുള്ള സാമൂഹ്യവിരുദ്ധരാണ് സുമതിയുടെ ആത്മാവ് അവിടെയുണ്ടെന്ന് പറയുന്നതും ആളുകളെ പേടിപ്പിക്കുന്നതെന്നും ഗ്രാമത്തിലെ തന്നെ ഒരു വിഭാഗം ആളുകൾ പറയുന്നു