Travel

750 കിലോയിലെ സ്വർണ്ണ വിഗ്രഹവും കത്തിയമർന്ന മൈസൂർ കൊട്ടാരവും ; അറിയാം ആ അറിയാക്കഥ | top-unknown-facts-about-mysore

മലയാളികൾക്ക് മലയാളത്തോളം തന്നെ പരിചയമുള്ള നാടാണ് മൈസൂർ. ബാംഗ്ലൂരും ചെന്നൈയും പോലെ മലയാളികളുടെ മറ്റൊരു കേരളമെന്നും ഈ നാടിനെ പറയാം. അത്രയധികമാണ് ഇവിടെ പഠിക്കുവാനും ജോലിചെയ്യുവാനുമൊക്കെയായി എത്തിയിരിക്കുന്ന മലയാളികളുടെ എണ്ണം.മൈസൂർ കൊട്ടാരവും ദസറയും ചാമുണ്ഡി ഹിൽസും എത്ര തവണ കണ്ടുവെന്നു പറഞ്ഞാലും മലയാളികൾക്ക് അറിയാത്ത മറ്റൊരു മൈസൂർ കൂടിയുണ്ട്. മഹിഷാസുര മർദ്ദിനിയിൽ നിന്നും പേരു കിട്ടി, ഇന്ത്യയിലെ ഇന്നും വളർന്നു കൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നായ മൈസൂരിന്‍റെ അറിയപ്പടാത്ത വിശേഷങ്ങൾ നോക്കാം. മൈസൂരിന്റെ യഥാർഥ പേര് മഹിഷുരു എന്നായിരുന്നുവത്രെ. ഇവിടുത്തെ ചാമുണ്ഡി ഹിൽസിന്‍റെ മുകളിൽ വെച്ചാണ് ചാമുണ്ഡേഷ്വരി മഹിഷാസുരൻ എന്ന അസുരനെ വധിച്ചത്. അങ്ങനെ മഹിഷുരു എന്ന പേരു വരുകയും പിന്നീട് ഇംഗ്ലീഷുകാർ അതിനെ മൈസൂർ എന്നാക്കി മാറ്റുകയും ചെയ്യുകയായിരുന്നു.

ഇവിടുത്തെ ജനങ്ങളുടെ ഇടയിൽ ഏറെ ദുരിതം വിതച്ചിരുന്ന മഹിഷാസുരനെ വധിച്ചതിനു ശേഷം ദേവി ഇവിടെ ചാമുണ്ഡി ഹിൽസിൽ കുടി കൊണ്ടു എന്നുമൊരു വിശ്വാസമുണ്ട്. എന്തു തന്നെയായാലും ഇന്ന് മൈസൂരിലെത്തുന്നവരുടെ പ്രധാന കാഴ്ചകളിലൊന്ന് ഇവിടമാണ്. ആദ്യ കാലങ്ങളിൽ എരുമയൂരെന്നും മൈസൂരിന് പേരുണ്ടായിരുന്നു. ആസൂത്രിതമായി വികസം നടത്തിയ ഏഷ്യയിലെ തന്നെ ആദ്യ നഗരങ്ങളിലൊന്നാണ് മൈസൂർ. 1900 കളിൽ ഇവിടുത്തെ മഹാരാജാവായിരുന്ന കൃഷ്ണരാജ വോഡയാർ നാലാമനാണ് ഇതിനു വേണ്ടുന്ന നടപടികൾ സ്വീകരിച്ചത്. അതിന്റെ ബാക്കി പത്രമാണ് ഇന്നു ഈ നഗരത്തിനുണ്ടായിരിക്കുന്ന വികസനമും മറ്റും. ഇന്ന് കർണ്ണാടകയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ അതിവേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നും മൈസൂരാണ്. 1973 വരെ കർണ്ണാടക സംസ്ഥാനം അറിയപ്പെട്ടിരുന്നത് മൈസൂർ എന്ന പേരിലായിരുന്നു. 1956 ൽ ആയിരുന്നു കർണ്ണാടക സംസ്ഥാനം രൂപം കൊണ്ടത്. പിന്നീട് സംസ്ഥാനം കർണ്ണാടക എന്ന പേരു സ്വീകരിക്കുകയായിരുന്നു.

മൈസൂരിന്റെ ചരിത്രത്തിലെ സുവര്‍ണ്ണ കാലഘട്ടമാണ് വോഡയാർ രാജാക്കന്മാർ ഭരിച്ചിരുന്ന സമയം. ഏകദേശം 400 കൊല്ലത്തിലധികം വോഡയാർ രാജാക്കന്മാരുടെ ഭരണം നീണ്ടു നിന്നു. എ.ഡി. 1400-നോടടുപ്പിച്ച് വഡയാർ രാജവംശം സ്ഥാപിച്ച ഇവിടെ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ അവരുടേതായിരുന്നു ഭരണം. കൃത്യമായി പറഞ്ഞാൽ 1399 മുതൽ 1761 വരെയും പിന്നീട് 1799 മുതൽ 1947 വരെ. 1399 ൽ യാദുരയ്യ വൊഡയാർ ആണ് ഈ രാജവംശം സ്ഥാപിച്ചത്. ഇന്ത്യയിൽ ഇത്രയും ദീർഘകാലം രാജ്യം ഭരിച്ച മറ്റൊരു രാജവംശം ഇല്ല എന്നുതന്നെ പറയാം. കർണ്ണാടകയിൽ ഏറ്റവും ആദ്യം ആരംഭിച്ച സർവ്വകലാശാല മൈസൂരിൽ ആയിരുന്നു. കൃഷ്ണരാജ വോഡയാർ നാലാമൻ 1913 ലാണ് സർവ്വകലാശാല സ്ഥാപിക്കുന്നത്. ഇന്ന് ഇന്ത്യയിലെ എണ്ണം പറഞ്ഞ സർവ്വകലാശാലകളിലൊന്നും ഇതു തന്നെയാണ്. മൈസൂരിലെ ഓറിയന്‍റൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നറിയപ്പെടുന്ന ലൈബ്രറിയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ലൈബ്രറികളിലൊന്ന്. ഇന്നും യാതൊരു കോട്ടവും തട്ടാതെ പഴമയിലെ പുതുമയോടെ ഇവിടുത്തെ കെട്ടിടം സംരക്ഷിക്കപ്പെടുന്നു. തെക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച അൻപതിനായിരത്തിലധികം താളിയോല ഗ്രന്ഥങ്ങൾ ഇവിടെ സംരക്ഷിച്ചിട്ടുണ്ട്.

മൈസൂരിനെക്കുറിച്ച് പറയുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവിടുത്തെ ആഘോഷമായ ദസറ തന്നെയാണ്. കർണ്ണാടകയുടെ സംസ്ഥാന ഉത്സവമാണിത്. തുടർച്ചയായി 409-ാം ദസറ ആഘോഷമാണ് 2019 ഒക്ടോബറിൽ സമാപിച്ചത്. 1610 ലാണ് ഇവിടെ ദസറ ആഘോഷങ്ങൾക്കു തുടക്കം കുറിക്കുന്നത്.തിന്മയ്ക്കു മേൽ നന്മ കൈവരിക്കുന്ന വിജയമായാണ് ദസറ ആഘോഷിക്കുക. ചാമുണ്ഡേശ്വരി മഹിഷാസുരനെ വധിച്ചതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണിത്. മൈസൂർ ദസറയുടെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് നഗര പ്രദക്ഷിണം. ഇതിൽ ദുർഗ്ഗാ ദേവിയുടെ ഭക്തിയുടെ പ്രതീകം കൂടിയാണ് ഈ പ്രദക്ഷിണം. ഇതിൽ 750 കിലോയിൽ സ്വർണ്ണത്തിൽ തീർത്തിരിക്കുന്ന ദുർഗ്ഗാ ദേവിയുടെ സ്വർണ്ണ വിഗ്രഹവും ഉണ്ട്. ഇന്ന് ഇവിടെ തലയുയർത്തി നിൽക്കുന്ന മൈസൂർ കൊട്ടാരമല്ല, യഥാർഥ മൈസൂർ കൊട്ടാരം എന്ന കാര്യം അറിയുമോ? വോഡയാർ രാജാക്കന്മാർ മൈസൂരിനെ കീഴടക്കുമ്പോൾ കോട്ടയ്ക്കുള്ളിൽ തടിയുപയോഗിച്ച് ഒരു കൊട്ടാരം നിർമ്മിച്ചിരുന്നുവത്രെ.

പല തവണ പുനർനിർമ്മാണത്തിന് വിധേയമായ ഈ കൊട്ടാരം ഒരിക്കൽ ജയലക്ഷ്മാന്നി എന്ന രാജകുമാരിയുടെ വിവാഹ സമയത്ത് കത്തി നശിച്ചു എന്നാണ് ചരിത്രം പറയുന്നത്. പിന്നീട് 1897 ലാണ് പുതിയ കൊട്ടാരം നിർമ്മിക്കുവാനുള്ള പദ്ധതി തയ്യാറാക്കുന്നത്. ശേഷം കൃഷ്ണ രാജേന്ദ്ര വോഡയാർ നാലാമന്റെ കാലത്ത് ബ്രിട്ടീഷ് ആർകിടെക്ട് ആയിരുന്ന ഹെന്‍റി ഇർവിങ്ങാണ് കൊട്ടാരം നിർമ്മിക്കുന്നത്. നീണ്ട 15 വർഷങ്ങളെടുത്ത് 1912 ലാണ് ഇന്നു കാണുന്ന മൈസൂർ കൊട്ടാരത്തിന്‍റെ നിർമ്മാണം പൂർത്തിയാകുന്നത്. ഓരോ വർഷവും ഇവിടെ കൊട്ടാരം കാണുവാനെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വര്‍ധനവ് ഉണ്ടാകാറുണ്ട്. കഴിഞ്ഞ ആറു മില്യണിലധികം ആളുകൾ ഇവിടെ എത്തിയിരുന്നു.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മൃഗശാലകളിലൊന്നും ഇവിടെയാണുള്ളത്.

ഇന്ത്യയിലെ മൂന്നാമത്തെ മൃഗശാലയാണ് ഇവിടുത്തേത്. 1892ല്‍ പത്തേക്കറില്‍ ആരംഭിക്കുമ്പോൾ ഇതിൻരെ പേര് പാലസ് സൂ എന്നായിരുന്നു. പിന്നീട് 1902 ലാണ് സന്ദർശകർക്കായി ഇത് തുറന്നു കൊടുക്കുന്നത്. ഇന്ന് ലോകോത്തര നിലവാരത്തിലുള്ള മൃഗശാലയായ ഇവിടം 157 ഏക്കർ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നു. മറ്റ് മൃഗശാലകളിൽ കാണാത്ത തരത്തിലുള്ള വൈവിധ്യം ഇവിടെയുണ്ട്. ലോകോത്തര ഐറ്റി കമ്പനികളുടെ കേന്ദ്രമായ മൈസൂരാണ് ഇന്ത്യയിലെ ആദ്യത്തെ വൈഫൈ നഗരം. 2010 ലാണ് ഇവിടെ നഗരം വൈഫൈ കണക്ട് ആകുന്നത്. ലോകത്തിലെ ആദ്യ വൈഫൈ നഗരം ജറുസലേം ആണ്. മൈസൂരിന്റെ ആകർഷണങ്ങളിൽ എടുത്തു പറയേണ്ട ഒന്നാണ് ഇവിടുത്തെ സെന്‍റ് ഫിലോമിനാസ് ദേവാലയം. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ദേവാലയങ്ങളിലൊന്നു കൂടിയാണിത്. ഗോഥിക് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഇത് നിർമ്മാണത്തിലും കാഴ്ചയിലും ഒക്കെ ഏറെ ആകർഷണീയമാണ്. സൗത്ത് ഏഷ്യയിലെ വലിയ കത്തീഡ്രലുകളിലൊന്നും സെന്റ് ഫിലോമിനാസ് ചർച്ചാണ്.

STORY HIGHLLIGHTS: top-unknown-facts-about-mysore