അഞ്ഞൂറിലധികം ഒഫീസുകളിലായി ആയിരക്കണക്കിന് ജീവനക്കാരാണ് ഇൻഫോപാർക്കിൽ ജോലി ചെയ്യുന്നത്. ഐടി മേഖലയായതിൽ പ്രദേശത്ത് അടിസ്ഥാന വികസനത്തിലടക്കം വികസന പ്രവർത്തികൾ തുടരുകയാണ്. കൊച്ചി വാട്ടർ മെട്രോ ഇൻഫോപാർക്കുമായി ബന്ധിപ്പിക്കുന്ന പദ്ധതി ഇന്നും സജീവമാണ്.
സ്റ്റാർട്ടപ്പുകളടക്കം നിരവധി കമ്പനികൾ കാക്കനാട്ടെ ഇൻഫോപാർക്കിലേക്ക് എത്തുന്ന സാഹചര്യത്തിൽ മൂന്നാംഘട്ട വികസനത്തിനൊരുങ്ങുകയാണ് കൊച്ചി ഇൻഫോപാർക്ക്. കാക്കനാട്ടെ തിരക്ക് കണക്കിലെടുത്ത് കിഴക്കമ്പലം കേന്ദ്രീകരിച്ചാണ് ഇൻഫോപാർക്കിൻ്റെ അടുത്ത ഘട്ടത്തിലേക്കുള്ള പ്രവൃത്തികൾ വ്യാപിപ്പിക്കുന്നത്. ഇതിനായി വിശാലകൊച്ചി വികസന അതോറിറ്റിയുടെ (ജിസിഡിഎ) നേതൃത്വത്തിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ ലാൻഡ് പൂളിങ് നടപടികൾ വൈകാതെ ആരംഭിക്കും. ലാൻഡ് പൂളിങ് നടപടിക്രമങ്ങൾ നടത്താൻ ജിസിഡിഎയെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു.