2.56 കിലോമീറ്റർ നീളമുള്ള കേബിൾ പാലം പിവി നരസിംഹ റാവു എക്‌സ്‌പ്രസ് വേയെ ചിന്തൽമെറ്റ് വഴി ഹൈദരാബാദ് – ബെംഗളൂരു ദേശീയ പാതയുമായി (എൻഎച്ച്-44) ബന്ധിപ്പിക്കും.
ഹൈദരാബാദിലെ റിസർവോയറായ മിർ ആലം സംഭരണിക്ക് കുറുകെയാണ് കേബിൾ പാലം വരുക. ഡിമാർട്ട് – ഗുരുദ്വാര – കിഷൻബാഗ് – ബഹദൂർപുര ക്രോസ് റോഡ്‌സ് വഴിയാണ് നിർദ്ദിഷ്ട പാത. നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ടൂറിസം വർധിപ്പിക്കാനും സഹായിക്കുന്ന ഈ പദ്ധതിക്കായി സ്ഥലമേറ്റെടുപ്പിനുള്ള പദ്ധതികൾ തയ്യാറാക്കി. ഒസ്മാൻ സാഗറും ഹിമായത് സാഗറും നിർമിക്കുന്നതിന് മുൻപ് ഹൈദരാബാദിലേക്കുള്ള കുടിവെള്ളത്തിൻ്റെ പ്രാഥമിക സ്രോതസ്സായിരുന്നു മിർ ആലം റിസർവോയർ. മൂസി നദിയുടെ തെക്ക് ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
ആദ്യഘട്ടത്തിൽ 363 കോടി രൂപ ബജറ്റിൽ ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (എച്ച്എംഡിഎ) ഹൈ ലെവൽ ബ്രിഡ്ജ് ആയാണ് ആസൂത്രണം ചെയ്തിരുന്നത്. എന്നാൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഇടപെടലോടെ പദ്ധതി കേബിൾ പാലമായി നവീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു.