Kerala

വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ആശ്വാസവുമായി മൃഗസംരക്ഷണ വകുപ്പ്; നഷ്ടപരിഹാരമായി നല്‍കിയത് 1.30 കോടി രൂപ

ഇടുക്കി: വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് ആശ്വാസവുമായി മൃഗസംരക്ഷണ വകുപ്പ്. രോഗബാധയും കാലാവസ്ഥാ വ്യതിയാനവും മൂലം വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ മൃഗസംരക്ഷണ വകുപ്പ് 1.30 കോടി രൂപയാണ് നഷ്ടപരിഹാരമായി നല്‍കിയത്. ആഫ്രിക്കന്‍ പന്നിപ്പനി, ചര്‍മ്മ മുഴ, കടുത്ത വേനല്‍ എന്നിവ ബാധിച്ച് നിരവധി വളര്‍ത്തുമൃഗങ്ങളെയാണ് കര്‍ഷകര്‍ക്ക് നഷ്ടമായത്.

ആഫ്രിക്കന്‍ പന്നിപ്പനി രോഗവ്യാപനം തടയാന്‍ 53 കര്‍ഷകരുടെ 1,207 പന്നികളെ കൊന്നൊടുക്കി ശാസ്ത്രീയമായി മറവുചെയ്തു. ഇതില്‍ 51 കര്‍ഷകരുടെ 1,151 പന്നികള്‍ക്കായി 1,20,43,800 രൂപയാണ് നഷ്ടപരിഹാരം ഇനത്തില്‍ നല്‍കിയത്. രണ്ട് കര്‍ഷകരുടെ 56 പന്നികള്‍ക്കായി 6,73,000 രൂപയാണ് ഇനി നല്‍കാനുള്ളത്. ഇതുമായി ബന്ധപ്പെട്ട് 4,800 കിലോ തീറ്റയും നശിപ്പിച്ചിരുന്നു. ഈ ഇനത്തില്‍ 1,05,600 രൂപയും നഷ്ടപരിഹാരമായി നല്‍കി.

ജില്ലയില്‍ 53 കര്‍ഷകരുടെ വളര്‍ത്തുമൃഗങ്ങള്‍ക്കാണ് ചര്‍മ്മ മുഴ ബാധിച്ചത്. ഇവര്‍ക്ക് സഹായമായി 14,64,00 രൂപയാണ് ഇതുവരെ വിതരണം ചെയ്തത്. 26,35,000 രൂപ കൂടി നല്‍കാനുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. സങ്കരയിനങ്ങളിലും നാടന്‍ പശുക്കളിലും ഒരുപോലെ പടരുന്ന രോഗമാണ് ചര്‍മ്മ മുഴ അഥവാ ലംപി സ്‌കിന്‍ ഡിസീസ്. ചര്‍മ്മ മുഴകള്‍ കുറയ്ക്കാനും ഇവ പൊട്ടിയുണ്ടാകുന്ന വ്രണങ്ങള്‍ ഉണക്കാനും രണ്ട് മുതല്‍ നാല് ആഴ്ച വരെ സമയം എടുക്കും. മരണ നിരക്കും കൂടുതലാണ്. ഈ സമയങ്ങളില്‍ പാലുത്പാദനവും പ്രത്യുത്പാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയും.

ജില്ലയില്‍ രാമക്കല്‍മേട്, കമ്പംമെട്ട്, വാഴവര, കല്‍ത്തൊട്ടി, മുണ്ടിയെരുമ, വളകോട്, പാറത്തോട്, മുനിയറി തുടങ്ങിയ ഇടങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെയുണ്ടായ കടുത്ത വേനലില്‍ നിരവധി പശുക്കളെയും കര്‍ഷകര്‍ക്ക് നഷ്ടമായിരുന്നു. 42 കര്‍ഷകര്‍ക്കായി 6,31,450 രൂപ വിതരണം ചെയ്തിട്ടുണ്ട്. 2022ലാണ് ആഫ്രിക്കന്‍ പന്നിപ്പനി ബാധിച്ച് നൂറുകണക്കിന് പന്നികള്‍ ചത്തത്. ഒക്ടോബര്‍ – നവംബര്‍ മാസങ്ങളിലായിരുന്നു സംഭവം.

കരിമണ്ണൂര്‍, തൊടുപുഴ, കട്ടപ്പന, പെരുവന്താനം, വാഴത്തോപ്പ്, വെണ്‍മണി, ഉപ്പുതറ, വണ്ടന്മേട്, കൊന്നത്തടി എന്നിവിടങ്ങളിലായിരുന്നു കൂടുതലായും രോഗവ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. രോഗങ്ങള്‍ക്കെതിരെ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാണ്. നാലാംഘട്ട കുളമ്പുരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ചര്‍മ്മ മുഴ വാക്സിനേഷന്‍ ക്യാമ്പും ബ്രൂസെല്ല പ്രതിരോധ കുത്തിവെയ്പ്പും പൂര്‍ത്തിയാക്കി. ആടുവസന്ത പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പയിനും കഴിഞ്ഞ മാസത്തോടെ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.