കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഇന്നലെ നടന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഘർഷം. വോട്ടെടുപ്പ് തുടങ്ങിയതുമുതൽ അവസാനം വരെ സംഘർഷഭരിതമായിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ശ്രമിച്ചുവെന്നും നേതാക്കളെയും പ്രവർത്തകരെയും ആക്രമിച്ചുവെന്നും കാണിച്ചാണ് കോൺഗ്രസ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്.
38,000 വോട്ടർമാരിൽ 8,500 പേർക്ക് മാത്രമാണ് വോട്ട് രേഖപ്പെടുത്താനായത്. തങ്ങളുടെ അനുഭാവികളെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. അതേസമയം, ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ അറിയിച്ചു. ഇന്ന് രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ.