Health

വെജിറ്റേറിയനാണോ? പ്രോട്ടീൻ ലഭിക്കുന്നതിന് ഇവ കഴിക്കാം…

ഭക്ഷണത്തിൽ ആവശ്യമായ അളവിൽ പ്രോട്ടീൻ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. പേശികളുടെ ബലം വർധിപ്പിക്കുക, എല്ലുകളെ ശക്തിപ്പെടുത്തുക, പ്രതിരോധശേഷി കൂട്ടുക എന്നിവയ്ക്കെല്ലാം പ്രോട്ടീൻ പ്രധാന പങ്കാണ് വഹിക്കുന്നത്. വെജിറ്റേറിയൻ ആളുകൾക്ക് പ്രോട്ടീൻ ലഭിക്കുന്നതിന് കഴിക്കേണ്ട ചില ഭക്ഷണങ്ങളിതാ. പ്രോട്ടീനുകൾ മാത്രമല്ല, ഫൈബർ, ഫോളേറ്റ്, ഇരുമ്പ്, ഫോസ്ഫറസ്, പൊട്ടാസ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളും ധാതുക്കളും പയർ വർ​ഗങ്ങളിൽ അടങ്ങിയിരിക്കുന്നു. പയറിലെ പ്രോട്ടീൻ ആരോഗ്യകരമായ ഹൃദയം നിലനിർത്താനും ദഹനത്തെ സഹായിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. വാൾനട്ട്, ബദാം, പിസ്ത തുടങ്ങിയ നട്സുകൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഇവയിൽ പ്രോട്ടീൻ കൂടുതലായി അടങ്ങിയിരിക്കുന്നു. തൈര് കഴിക്കുന്നത് ആമാശയത്തിന്റെ ആരോഗ്യം കൃത്യമായി നിലനിർത്തുന്നതിന് സഹായിക്കുന്നു. പ്രോട്ടീൻ മാത്രമല്ല, കാൽസ്യവും ഇതിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഇത് സഹായിക്കുന്നു.

ഉയർന്ന നാരുകൾ അടങ്ങിയ ഓട്സിൽ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. സ്മൂത്തികൾ അല്ലെങ്കിൽ ഇഡ്ഡലി, ദോശ എന്നിവയായി എല്ലാം ഓട്സ് കഴിക്കാം. പ്രോട്ടിനുകളാൽ സമ്പന്നമാണ് പനീർ. കാത്സ്യം, ഫോസ്ഫറസ്, വിറ്റമിനുകള്‍, മിനറലുകള്‍ തുടങ്ങിയവയെല്ലാം ഇവയിൽ അടങ്ങിയിട്ടുണ്ട്. എല്ലിന്‍റെയും പല്ലിന്‍റെയും വളർച്ചയ്ക്ക് പനീറിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടാനും പനീര്‍ സഹായിക്കും. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് സോയ. കാരണം, നമ്മുടെ ശരീരത്തിന് ശരിയായ വളർച്ചയ്ക്ക് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.

ഇലക്കറികള്‍ കഴിക്കുന്നത് ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്. പ്രോട്ടീന്‍ ലഭിക്കാന്‍ കഴിക്കാവുന്ന ഭക്ഷണമാണ് ചീര. ബ്രൊക്കോളി കഴിക്കുന്നതും വളരെ നല്ലതാണ്. 100 ഗ്രാം ബ്രൊക്കോളിയില്‍ 2.8 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബര്‍, വിറ്റാമിന്‍ സി, കെ, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് ഗുണം ചെയ്യും. അവക്കാഡോ, വാഴപ്പഴം, ഓറഞ്ച്, കിവി, ബ്ലാക്ക് ബെറി തുടങ്ങി ഉയർന്ന അളവിൽ പ്രോട്ടീൻ ഉൾപ്പെട്ട പഴവർഗങ്ങൾ ഉപയോഗിക്കുക. കാൽസ്യം മാത്രമല്ല, പാലിൽ പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ​​ഗ്ലാസ് പാൽ കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.