ഇന്ന് സൺഡേ അല്ലെ, അവധി ദിവസം ആയതുകൊണ്ട് തന്നെ എല്ലാവരും വീട്ടിലുണ്ടാകും. അത്തരം ദിവസങ്ങളിൽ സ്പെഷ്യലായി ഒരു ഫിഷ് ബിരിയാണി തയ്യാറാക്കിയാലോ?
ആവശ്യമായ ചേരുവകൾ
- മീൻ 1/2 കിലോ
- മുളക് പൊടി 2 സ്പൂൺ
- മഞ്ഞൾ പൊടി 1/2 ടേബിൾസ്പൂൺ
- കുരുമുളക് പൊടി 1/2 ടേബിൾസ്പൂൺ
- ഉപ്പ് ആവിശ്യത്തിന്
- സവാള 6 എണ്ണം
- ഇഞ്ചി 1 കഷണം
- വെളുത്തുള്ളി 10 അല്ലി
- തക്കാളി 3 എണ്ണം
- പച്ചമുളക് 5 എണ്ണം
- തൈര് 3 സ്‌പൂൺ
- ഗരംമസാലപ്പൊടി 1/2 റ്റേബിൾസ്‌പൂൺ
- ബസ്മതി അരി 1/2 കിലോ
- കറുകപ്പട്ട 2 പീസ്
- ഗ്രാമ്പു 5 എണ്ണം
- ഏലക്ക 3 എണ്ണം
- ചെറുനാരങ്ങ 1എണ്ണം
- പാൽ 1/4 ഗ്ലാസ്
- പൈൻ ആപ്പിൾ 5 തുള്ളി എസ്സെൻസ്
- സവാള 2എണ്ണം
- അണ്ടിപ്പരിപ്പ്
- മുന്തിരി
- മല്ലിയില
തയ്യാറാക്കുന്ന വിധം
ആദ്യം ദശ കട്ടിയുള്ള മീൻ വട്ടത്തിൽ അരിഞ്ഞു മഞ്ഞൾ, മുളക്, കുരുമുളക് പൊടികളും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും ചേർത്ത് പുരട്ടി 30 മിനുട്ട് ഫ്രിഡ്ജിൽ വെക്കുക. ബസ്മതി അരി കഴുകി 15 മിനുട്ട് കുതിർത്തിട്ട് തിളയ്ക്കുന്ന വെള്ളത്തിൽ കറുകപ്പട്ട, ഗ്രാമ്പു, ഏലക്ക എന്നിവയും അരിയും ഇട്ട് വേവിക്കുക, വെന്തു വരുമ്പോൾ ഉപ്പും ചെറുനാരങ്ങാ നീരും ചേർത്തു ഊറ്റി വെക്കുക.
ഒരു ചട്ടിയിൽ കുറച്ച് നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വറുത്തു കോരുക, ഇനി അതിലേക്കു സവാള ചേർത്ത് നല്ല പോലെ ഫ്രൈ ചെയ്തു വെക്കുക. ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് തിളക്കുമ്പോ മീൻ വറുത്തു കോരുക. ഇനി അതെ എണ്ണയിൽ സവാളയും ഉപ്പും ഇട്ട് നല്ല ഗോൾഡൻ കളർ ആകു ന്നത് വരെ വഴറ്റുക. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആക്കിയത് ചേർത്തു ഇളക്കുക. ഇനി തക്കാളി മിക്സിയിൽ അടിച്ചത് ചേർത്ത് പച്ചമണo മാറുമ്പോൾ 3 സ്പൂൺ തൈര് ചേർത്ത് അല്പം വെള്ളം വറ്റുമ്പോൾ വറുത്തു വെച്ച മീൻ ചേർക്കുക.
ഒരു ചുവട് കട്ടിയുള്ള പാത്രത്തിൽ അല്പം നെയ്യ് ഒഴിച്ച് പകുതി ചോറ് നിരത്തുക. ഇനി മീൻ മസാല നിരത്തുക. ശേഷം ബാക്കി ചോറ് നിരത്തുക. ഇനി പാലിൽ അല്പം മഞ്ഞൾപൊടിയും പൈനാപ്പിൾ എസ്സെൻസും കൂടി തളിച്ച് കൊടുക്കുക. ഇനി വറുത്തു വെച്ചിരിക്കുന്ന അണ്ടിപ്പരിപ്പ്, സവാള കുറച്ച് മല്ലിയില എന്നിവയും ചേർത്തു അലങ്കരിക്കുക. അടുപ്പിൽ ദോശ കല്ല് വെച്ചിട്ട് അതിലേക്കു ബിരിയാണി പാത്രം വെച്ച് അടച്ചു പത്തു മിനുട്ട് ദം കൊടുക്കുക.